കോണ്‍ഗ്രസ് കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം
കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ പൊലിസ് അതിക്രമിച്ചു കയറിയെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലിസ് കമ്മിഷണര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം.
ഡി.സി.സിയില്‍നിന്നു പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റി കമ്മിഷണര്‍ ഓഫിസ് കോംപൗണ്ടിലേക്കു കയറാനുള്ള ശ്രമം പൊലിസ് തടഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലിസിനുനേരെ കല്ലെറിഞ്ഞെങ്കിലും സംയമനം പാലിക്കുകയായിരുന്നു. പ്രതിഷേധ മാര്‍ച്ചിനു ശേഷവും പിരിഞ്ഞുപോകാതെ ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമം നടന്നതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
മാര്‍ച്ചിനെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ നേരം കമ്മിഷണര്‍ ഓഫിസിന് മുന്‍ഭാഗത്തെ റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരേ കസബ പൊലിസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധ മാര്‍ച്ച് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. സമരക്കാരെ തേടി പാര്‍ട്ടി ഓഫിസില്‍ അതിക്രമിച്ചു കയറിയ പൊലിസിന്റെ നടപടി തികഞ്ഞ ധാര്‍ഷ്ട്യവും ധിക്കാരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തിലുള്‍പ്പെട്ട എലത്തൂര്‍ എസ്.ഐയെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് എം.പി ആവശ്യപ്പെട്ടു.
പൊലിസ് ഇത്തരത്തില്‍ പെരുമാറിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. പാര്‍ട്ടി ഓഫിസിനുനേരെ കല്ലെറിഞ്ഞതിന്റെ പേരില്‍ ബി.ജെ.പിയും ബോംബെറിഞ്ഞെന്ന് പ്രചരിപ്പിച്ച് സി.പി.എമ്മും ഹര്‍ത്താല്‍ നടത്തിയ സാഹചര്യമാണുണ്ടായത്. എന്നാല്‍ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ മാന്യമായ നയമാണ് സ്വീകരിച്ചതെന്ന് എം.പി ചൂണ്ടിക്കാട്ടി.
പിണറായി സര്‍ക്കാര്‍ വന്നതു മുതല്‍ പൊലിസില്‍ ക്രിമിനല്‍വല്‍ക്കരണമാണ് നടക്കുന്നതെന്ന് മാര്‍ച്ചില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു.
പൊലിസ് ഗുണ്ടായിസം നടത്തുകയാണ്. പ്രവര്‍ത്തകര്‍ക്കുനേരെ മോശമായ ഭാഷാ പ്രയോഗമാണ് പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായത്. ആര്‍ക്കും എന്തു ചെയ്യാവുന്ന ഇടമല്ല പാര്‍ട്ടി ഓഫിസെന്നും ടി. സിദ്ദീഖ് പറഞ്ഞു. സ്വാശ്രയ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിക്കുന്നതുവരെ കെ.എസ്.യു സമരം നടത്തും. സമരത്തെ അടിച്ചമര്‍ത്താന്‍ പൊലിസ് ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ടി. സിദ്ദീഖ് മുന്നറിയിപ്പു നല്‍കി. കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, സത്യന്‍ കടിയങ്ങാട് സംസാരിച്ചു.
കെ. രാമചന്ദ്രന്‍, വി.ടി സുരേന്ദ്രന്‍, ബാലകൃഷ്ണന്‍ കിടാവ്, എം.ടി പത്മ, പി. ഉഷാദേവി, വി. അബ്ദുല്‍ റസാഖ്, വിദ്യാ ബാലകൃഷ്ണന്‍, പി.വി ബിനീഷ്‌കുമാര്‍, രാജേഷ് കീഴരിയൂര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."