കതിരൂര്‍ മനോജ് വധം: ഇനി നിയമപോരാട്ടം
തലശ്ശേരി: ആര്‍.എസ്.എസ് നേതാവിനെ വധിച്ച കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇനി നിയമപോരാട്ടം. ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് കിഴക്കെ കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പി. ജയരാജന്‍ ഉള്‍പ്പെടെ ആറ് പ്രതികളുടെ പേരിലുള്ള കുറ്റപത്രമാണ് ഇന്നലെ എറണാകുളം സി.ബി.ഐ കോടതി മുന്‍പാകെ സമര്‍പ്പിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി കൂത്തുപറമ്പ് പൂക്കോട് കൈരളിയില്‍ പി. ജയരാജന്‍, സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂധനന്‍(51), കതിരൂര്‍ ഈസ്റ്റിലെ കുന്നുമ്മല്‍ വീട്ടില്‍ റിജേഷ് എന്ന റിജു(37), കതിരൂര്‍ ഈസ്റ്റ് സ്വദേശി കാട്ടില്‍ മീത്തല്‍ വീട്ടില്‍ മഹേഷ്(37), ഈസ്റ്റ് കതിരൂറിലെ കുലപ്പുറത്തുംകണ്ടി സുനില്‍കുമാര്‍(46), കതിരൂര്‍ ചുണ്ടങ്ങാപ്പൊയിലിലെ മംഗലശ്ശേരി വീട്ടില്‍ വി.പി സജിലേഷ്(29) എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം. കുറ്റപത്രത്തില്‍ മുപ്പതുപേജില്‍ നമ്പറില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മടക്കി. എന്നാല്‍ ഇതു സാങ്കേതിക പ്രശ്‌നം മാത്രമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേസില്‍ പി. ജയരാജന്‍ 25ാം പ്രതിയും മധുസൂധനന്‍ 20ാം പ്രതിയുമാണ്. ആകെ 25 പ്രതികളാണുള്ളത്. 19 പേര്‍ക്കെതിരെയുള്ള കുറ്റപത്രം നേരത്തെ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. 2016 ജനുവരി 21ന് പി. ജയരാജനെ പ്രതിചേര്‍ത്ത് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."