എം.എല്‍.എയുടെ വീടാക്രമിച്ച സംഭവം: അന്വേഷണം മണല്‍ മാഫിയകളിലേക്ക്
കണ്ണൂര്‍: കെ.എം ഷാജി എം.എല്‍.എയുടെ വീടാക്രമിച്ച സംഭവത്തിലെ അന്വേഷണം അഴീക്കല്‍ പോര്‍ട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മണല്‍ ലോബിയിലേക്ക്. അഴീക്കല്‍ പോര്‍ട്ടിലെ അനധികൃത ഇടപാടുകള്‍ക്കെതിരേയും മണല്‍ മാഫിയകള്‍ക്കെതിരേയും എം.എല്‍.എ കൈക്കൊണ്ട നിലപാടുകളുടെ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം വീടിനുനേരെയുണ്ടായ അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് സംഭവത്തെകുറിച്ച് അന്വേഷണം നടത്തിയ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് പൊലിസിന് കിട്ടിയ വിവരം.
അഴീക്കല്‍ പോര്‍ട്ടിലെ മണല്‍വാരലുമായി ബന്ധപ്പെട്ടു നടന്നിരുന്ന ചില ക്രമക്കേടുകള്‍ എം.എല്‍.എ ഇടപെട്ട് നിര്‍ത്തിച്ചിരുന്നു. ചില കേന്ദ്രങ്ങളില്‍നിന്നു ഇതിനെതിരേ ശക്തമായ പ്രതിഷേധവുമുയര്‍ന്നിരുന്നു.
കോടിക്കണക്കിനു രൂപ വാടക നല്‍കി അഴീക്കല്‍ പോര്‍ട്ടില്‍ ഇതുവരെ ഡ്രജ്ജിങ് പോലുള്ള പ്രവൃത്തികള്‍ നടത്തിയിരുന്ന യന്ത്രങ്ങള്‍ എം.എല്‍.എ ഇടപെട്ട് പോര്‍ട്ടിന് സ്വന്തമായി വാങ്ങിയതോടെ കരാര്‍ പ്രവൃത്തികള്‍ക്ക് ഇടനിന്നിരുന്ന ലോബി എം.എല്‍.എയ്ക്ക് എതിരായി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത്തരം സ്വകാര്യ വ്യക്തികള്‍ വാടക നല്‍കാതെ അവരുടെ പ്രവര്‍ത്തന കേന്ദ്രമായി ഉപയോഗിച്ചിരുന്ന പോര്‍ട്ടിനുള്ളിലെ ഓഫിസില്‍നിന്നു ഇവരെ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. പോര്‍ട്ട് കേന്ദ്രീകരിച്ച് നടന്ന ഇത്തരം ക്രമക്കേടുകള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന നിലപാടിലാണ് കെ.എം ഷാജി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കാനൊരുങ്ങുകയായിരുന്നു എം.എല്‍.എ. വീടാക്രമണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അറസ്റ്റിലായതില്‍ ഒരാള്‍ അഴീക്കല്‍ മണല്‍ വിഷയത്തില്‍ ആരോപണം നേരിടുന്നയാളുടെ അടുത്ത ബന്ധുകൂടിയാണ്.
ഇതിനു പുറമെ കണ്ടല്‍കാടുകളില്‍നിന്നും വളപട്ടണം പുഴയില്‍നിന്നും അനധികൃതമായി മണല്‍ വാരുന്നതിനെതിരേയും എം.എല്‍.എ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എം.എല്‍.എയുടെ വീടാക്രമിച്ച കേസില്‍ യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയും അഴീക്കോട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗവുമായ പി.പി ഫസല്‍, ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ ജംഷീര്‍, റംസീല്‍ എന്നിവരാണ് അറസ്റ്റിലായത്. വീടാക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലിസ് ഇവരെ അറസ്റ്റു ചെയ്തിരുന്നു.
അതേസമയം പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായും യൂത്ത് ലീഗുമായുമുള്ള പ്രശ്‌നങ്ങളുമാണ് അക്രമത്തിന് കാരണമായതെന്നാണ് പിടിയിലായവരുടെ മൊഴി. എന്നാല്‍ അഴീക്കലിലെ മണല്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തന്നെയാണ് അക്രമത്തിന് കാരണമെന്നാണ് എം.എല്‍.എയുടെ വിശദീകരണം. അതിനിടെ എം.എല്‍.എയുടെ വീടാക്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകര്‍ പിടിയിലായത് പാര്‍ട്ടിക്കുള്ളിലും പ്രശ്‌നമായിട്ടുണ്ട്. എം.എല്‍.എയ്‌ക്കെതിരേ ചിലര്‍ ഒളിച്ചിരുന്നു നീക്കങ്ങള്‍ നടത്തുന്നുവെന്ന ആക്ഷേപം നിലവിലുള്ള സാഹചര്യത്തില്‍ കരുതലോടെയാണ് ലീഗ് നേതൃത്വം നീങ്ങുന്നത്. കേസില്‍ അറസ്റ്റ് ചെയ്ത പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരേ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടിയെടുത്തേക്കും.
കെ.എം ഷാജി എം.എല്‍.എയുടെ അലിവില്‍ മണല്‍ ഒറ്റത്തെങ്ങിലെ ഗ്രീന്‍ വില്ലയില്‍ ഒന്‍പതാം നമ്പര്‍ വീടിനു നേരെയാണ് ഓഗസ്റ്റ് 30ന് ബൈക്കിലെത്തിയ മൂന്നംഗ സംഘം കല്ലെറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."