വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണം വൈകും
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജ് നിര്‍മാണം വിജിലന്‍സ് കേസില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ആദ്യത്തെ കണ്‍സള്‍ട്ടന്‍സിയായ ആര്‍.ജി മാട്രിക്‌സിനെ മാറ്റി പകരം കെ.എസ്.ഐ.ഡി.സിക്ക് (കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍) ചുമതല നല്‍കി.
വിജിലന്‍സ് നിയമക്കുരുക്ക് ഉടനെയെങ്ങും തീരില്ലെന്ന് കണ്ട് കിഫ്ബിയില്‍പ്പെടുത്തിയാണ് നടപടിക്രമങ്ങള്‍ വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങുന്നത്. കെ.എസ്.ഐ.ഡി.സി ഇന്‍ങ്കല്‍ എന്ന ഏജന്‍സിക്കാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഐ.ഡി.സി, ഇന്‍ങ്കല്‍ പ്രതിനിധി സംഘം നിര്‍ദിഷ്ട മെഡിക്കല്‍ കോളജിന്റെ സ്ഥലം ജൂണില്‍ സന്ദര്‍ശിച്ചിരുന്നു. സംഘം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ കെ.എസ്.ഐ.ഡി.സിയെ ചുമതല ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ഇനി സ്ഥലം മൊത്തത്തില്‍ സര്‍വേ നടത്തണം. അതിനുശേഷമാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുക.
മെഡിക്കല്‍ കോളജ് സ്ഥലം മുഴുവന്‍ കാടുമൂടിക്കിടക്കുകയാണ്. ഓണം കഴിഞ്ഞ് ഉടന്‍ തന്നെ കാടുവെട്ടാന്‍ നടപടി സ്വീകരിക്കുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. അതിനുശേഷമേ സര്‍വേ ആരംഭിക്കുകയുള്ളൂ. കണ്‍സള്‍ട്ടന്‍സി നല്‍കിയതിലെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് അന്വേഷണത്തില്‍ കുരുങ്ങിയാണ് വയനാട് ഗവ. മെഡിക്കല്‍ കോളജിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നിലച്ചത്.
ആലപ്പുഴ ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെയും വയനാട് ഗവ. മെഡിക്കല്‍ കോളജിന്റെയും കണ്‍സള്‍ട്ടന്‍സി ആര്‍.ജി. മാട്രിക്‌സ് എന്ന കമ്പനിക്കാണ് നല്‍കിയത്. കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന ഗുരുതരമായ ആരോപണം ഹരിപ്പാട് മെഡിക്കല്‍ കോളജിനെ സംബന്ധിച്ചാണ് പ്രധാനമായും ഉയര്‍ന്നത്. പക്ഷെ അതേ കമ്പനിക്കാണ് വയനാട് മെഡിക്കല്‍ കോളജിന്റെയും മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ചുമതല നല്‍കിയതെന്നത് സംശയത്തിനിട നല്‍കുകയായിരുന്നു. ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.
കണ്‍സള്‍ട്ടന്‍സി ഇടപാടിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് ലഭിച്ചാലേ തടസങ്ങള്‍ നീങ്ങി തുടര്‍ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂ. ഹരിപ്പാട് മെഡിക്കല്‍ കോളജിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് അനധികൃതമായാണെന്ന് കാണിച്ച് കരാര്‍ ലഭിക്കാത്ത കമ്പനി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഹരിപ്പാട് മെഡിക്കല്‍ കോളജിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ സര്‍ക്കാരിന് 12.31 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി കരാര്‍ നല്‍കിയതാണ് നഷ്ടമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പദ്ധതി തുകയുടെ 1.90 ശതമാനത്തില്‍ കൂടുതല്‍ തുകക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ ഉത്തരവും ചട്ടവും ഉണ്ട്. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ മറികടന്നാണ് വയനാട്, ഹരിപ്പാട് മെഡിക്കല്‍ കോളജുകളുടെയും നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതെന്നാണ് ആരോപണം.
അടങ്കല്‍ തുകയുടെ 2.94 ശതമാനമാണ് കരാര്‍ തുക. മൊത്തം അഞ്ച് കമ്പനികള്‍ ടെന്‍ഡര്‍ നല്‍കി. കരാര്‍ വ്യവസ്ഥകളില്‍ മൂന്ന് കമ്പനികള്‍ മാത്രമേ ക്വാളിഫൈ ചെയ്തുള്ളൂ. 1.38, 2.94, 1.71 എന്നിങ്ങനെ നിരക്കുകളിലായിരുന്നു മൂന്ന് കമ്പനികളുടെ ടെന്‍ഡര്‍. സര്‍ക്കാര്‍ നിര്‍ദേശത്തിനും താഴെ ക്വാട്ട് ചെയ്ത കമ്പനിയെ തഴഞ്ഞ് 2.94 ശതമാനം നിരക്ക് ക്വാട്ട് ചെയ്ത കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു.
ഇങ്ങനെ ഉയര്‍ന്ന നിരക്കിന് കരാര്‍ ഉറപ്പിച്ചപ്പോള്‍ 4.61 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിഗമനം. വയനാട് ഗവ. മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തികള്‍ ആര്‍.ജി. മാട്രിക്‌സ് അധികൃതര്‍ നേരത്തെ ആരംഭിച്ചിരുന്നു. പിന്നീടാണ് ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തികള്‍ ആരംഭിച്ചത്. പക്ഷേ ഇതു സംബന്ധിച്ച ഉത്തരവുകള്‍ ഒരുമിച്ചാണ് ഇറങ്ങിയത്. ഇതേ തുടര്‍ന്ന് വയനാട് ഗവ. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി ഇടപാടിലും സംശയമുയരുകയായിരുന്നു. വയനാട് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി ഇടപാടുകള്‍ ഉറപ്പിച്ച് നടപടികള്‍ ആരംഭിച്ചതിനു ശേഷം കണ്‍സള്‍ട്ടന്‍സി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. ഇതുമൂലമാണ് വയനാട്ടില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപണമുയര്‍ന്നത്.
വയനാട്ടിലെ ഇടപാടുകളും വിജിലന്‍സ് അന്വേഷിക്കുന്നതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന് ക്ലീന്‍ ചിറ്റ് ലഭിക്കുന്നതുവരെ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് എം.എല്‍.എ മുന്‍കൈയെടുത്ത് മെഡിക്കല്‍ കോളജ് നിര്‍മാണം കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."