പൂരാടംനാളില്‍ ഓണത്താളം തീര്‍ത്ത് ടൂറിസം വകുപ്പിന്റെ തിരുവാതിരക്കളി മത്സരം
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഓണാഘോഷപരിപാടികള്‍ക്കു മാറ്റു കൂട്ടി തിരുവാതിരകളി മത്സരം.
നഗരത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള ടീമുകള്‍ മാറ്റുരച്ച മത്സരം കാണാന്‍ ഒട്ടേറെ കലാസ്വാദകരാണ് തൈക്കാട് ഭാരത് ഭവനിലെത്തിയത്.
രാവിലെ എട്ട് മണിക്ക് ആരംഭിച്ച മത്സരം കാണാന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും എത്തിച്ചേര്‍ന്നിരുന്നു.
പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചര്‍, നര്‍ത്തകിയും അന്തരിച്ച സംഗീതസംവിധായകന്‍ എം.ജി രാധാകൃഷ്ണന്റെ പത്‌നിയുമായ പത്മജ രാധാകൃഷ്ണന്‍ തുടങ്ങിയവരും മത്സരം ആസ്വദിക്കാനെത്തി. മത്സരത്തില്‍ നൃത്താധ്യാപിക ശ്രീമണി ഭായി പരിശീലിപ്പിച്ച ഐശ്വര്യ മ്യൂസിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് വിജയികളായത്.
അനു അഞ്ജനയുടെ നേതൃത്വത്തിലുള്ള ടീമിലെ എല്ലാ അംഗങ്ങളുടെയും പ്രായം 25 വയസ്സില്‍ താഴെയായിരുന്നു എന്നതും പ്രത്യേകതയായി. 16 വര്‍ഷമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന നൃത്താധ്യാപികയാണ് ശ്രീമണി ഭായി.
മിക്ക ടീമുകളും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച മത്സരത്തിന്റെ വിധിനിര്‍ണയം ഏറെ പ്രയാസമേറിയതായിരുന്നുവെന്നു വിധികര്‍ത്താക്കള്‍ പറഞ്ഞു. നൃത്തച്ചുവടുകള്‍ക്കൊപ്പം തന്നെ തിരുവാതിരയില്‍ മത്സരാര്‍ഥികള്‍ അത് എത്രത്തോളം ആസ്വദിച്ചാണ് അവതരിപ്പിക്കുന്നതെന്നും പ്രധാനമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
മത്സരാര്‍ഥികളുടെ കുറഞ്ഞ പ്രായം 15 വയസ്സായി നിശ്ചയിച്ചിരുന്നു. വിവിധ പ്രായത്തിലുള്ളവരുടെ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജ ബീഗമായിരുന്നു മത്സരം ഉദ്ഘാടനം ചെയ്തത്.
മൊത്തം 5 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. 25000 രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികള്‍ക്കുള്ള സമ്മാനം.
ആറ്റിങ്ങല്‍ രംഗശ്രീ ഡാന്‍സ് അക്കാദമി ടീം രണ്ടാം സ്ഥാനവും സെന്റ് ക്രിസോസ്റ്റം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മൂന്നാം സ്ഥാനവും കരസ്ഥാമാക്കി.
15000 രൂപയും 10000 രൂപയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനമായി ലഭിക്കുക.
സമ്മാനങ്ങള്‍ സെപ്റ്റംബര്‍ ഒന്‍പതാം തീയതി നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന ഓണാഘോഷങ്ങളുടെ സമാപനചടങ്ങില്‍ വച്ചു വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."