റവന്യൂവകുപ്പില്‍ ഫയല്‍ തീര്‍പ്പാക്കാന്‍ ടോള്‍ഫ്രീ നമ്പറോടെ സോഫ്റ്റ്വെയര്
തിരുവനന്തപുരം: റവന്യൂവകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ടോള്‍ ഫ്രീ നമ്പരോടെ പുതിയ സോഫറ്റ്വെയര്‍ ഒരുങ്ങുന്നു. സംസ്ഥാന ഐ.ടി വകുപ്പാണ് സോഫ്റ്റ്വെയര് തയാറാക്കുന്നത്. മുപ്പത് ലക്ഷത്തോളം ഫയലുകളാണ് റവന്യൂ വകുപ്പില്‍ കെട്ടിക്കിടക്കുന്നത്. സെക്രട്ടറിയേറ്റില്‍ മാത്രം 21, 210 ഫയലുകള്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ട്.
വേഗത്തില്‍ ഫയലുകള്‍ തീര്‍പ്പാക്കാനുള്ള നടപടി സ്വീകരിക്കാന്‍ റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനോട് മന്ത്രി ഇ. ചന്ദ്രശേഖരന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ സെക്രട്ടറി റവന്യൂ വകുപ്പിലെ ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പുതിയ സോഫ്റ്റ്വെയര് ഒരുക്കാന്‍ ഐ.ടി വകുപ്പിനെ ചുമതലപ്പെടുത്തിയത്.
അടുത്ത മാസത്തോടെ സോഫ്റ്റ്വെയര് എല്ലാ റവന്യൂ ഓഫിസുകളിലും ഇന്‍സ്റ്റാള്‍ ചെയ്യും. ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ പത്തുലക്ഷത്തോളം ഫയലുകള്‍ തീര്‍പ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റവന്യൂവകുപ്പില്‍ അപേക്ഷ നല്കിയാല് അതിന്റെ വിവരം അറിയാന്‍ പൊതുജനങ്ങള്‍ക്ക് സോഫ്റ്റ്വെയറിനൊപ്പം ഒരുക്കുന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാമെന്നതും പ്രതീക്ഷിക്കാവുന്നതാണ്. അപേക്ഷ നല്കി മൂന്നാം ദിവസം മുതല്‍ വിവരങ്ങള്‍ കൈമാറും.
സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. നികുതി സ്വീകരിക്കല്‍, പട്ടയം, വീടുവയ്ക്കാന്‍ നിലം നികത്തല്‍, ഭൂമി കൈവശ രേഖ, ദൂരപരിധി വിട്ടുള്ള നിര്‍മാണം എന്നിവയാണ് കെട്ടിക്കിടക്കുന്ന ഫയലുകളില്‍ അധികവും. റവന്യൂ വകുപ്പില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് സോഫറ്റ്വെയര്‍ ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."