കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന് യുവാവിനെ പട്ടിക്കൂട്ടിലടച്ചു
കാസര്‍കോട്: കടം വാങ്ങിയ നാലായിരം രൂപ തിരിച്ചുനല്‍കാത്തതിന് യുവാവിനെ പട്ടിക്കൂട്ടിലടച്ചു. കര്‍ണാടകയിലെ കുടക് ജില്ലയിലെ മടിക്കേരിയിലാണ് യുവാവിനെ ഒന്നിലധികം പട്ടികളുള്ള കൂട്ടിലടച്ചത്. ഹരീഷ് എന്ന 32കാരനെയാണ് കിഷന്‍, മധു എന്നിവര്‍ ചേര്‍ന്ന് ഈ ക്രൂരതക്കിരയാക്കിയത്. ഇക്കഴിഞ്ഞ 29 നാണു സംഭവം.
കിഷന്റെ തോട്ടത്തിലെ തൊഴിലാളിയായ ഹരീഷ് ഇയാളില്‍ നിന്ന് ശമ്പളത്തിന് പുറമെ നാലായിരം രൂപ അധികമായി വാങ്ങിയിരുന്നു. എന്നാല്‍ അടുത്തിടെ തോട്ടത്തിലെ ജോലി ഉപേക്ഷിച്ച് ഹരീഷ് ഒരു ബന്ധുവിന്റെ കടയില്‍ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.
സംഭവ ദിവസം കിഷനും മധുവും ചേര്‍ന്ന് ഹരീഷ് ജോലി ചെയ്യുന്ന കടയിലെത്തി ഇയാളോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കൈയില്‍ ഇപ്പോള്‍ പണമില്ലെന്ന് പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് ഹരീഷിനെ കടയില്‍ നിന്ന് വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റി തോട്ടത്തിലേക്ക് കൊണ്ട് പോകുകയും തുടര്‍ന്ന് പട്ടികളുടെ കൂട്ടില്‍ അടയ്ക്കുകയുമായിരുന്നു. പട്ടികളുടെ അക്രമത്തില്‍ പരുക്കേറ്റ ഹരീഷിനെ ഇവര്‍ പിന്നീട് പ്രദേശത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് ഇറക്കി വിടുകയും ചെയ്തു.
പ്രാഥമിക കേന്ദ്രത്തില്‍ നിന്ന് ഇയാളെ വിദഗ്ധ ചികിത്സക്കായി മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഇന്നലെ സ്വദേശത്തേക്കു തിരിച്ചെത്തിയ ഹരീഷ് സംഭവം സംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."