മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടുന്നു; തീരുമാനം 10 ദിവസത്തിനകം
മലപ്പുറം: റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടാന്‍ വീണ്ടും നീക്കം. ഉത്തരവ് പത്ത് ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന. അപേക്ഷകരുടെ ബാഹുല്യം മൂലം ഇപ്പോള്‍ രാജ്യത്തുതന്നെ ഒരു ജില്ലക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ഏക പാസ്‌പോര്‍ട്ട് ഓഫിസാണിത്. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസില്‍ ലയിപ്പിക്കാനാണ് നീക്കം. ഓഫിസ് മാറ്റുന്നത് ഡല്‍ഹിയില്‍ നടന്ന പാസ്‌പോര്‍ട്ട് ഓഫിസര്‍മാരുടെ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പാസ്‌പോര്‍ട്ട് ഓഫിസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫിസറുടെ തസ്തികയിലുണ്ടായിരുന്ന സീനിയര്‍ സൂപ്രണ്ടടക്കം മൂന്നുപേര്‍ വിരമിച്ചെങ്കിലും പകരം ആരെയും നിയമിച്ചിട്ടില്ല. പൂട്ടുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ഒരുവര്‍ഷം മുന്‍പ് 49 പേര്‍ ജോലി ചെയ്തിരുന്ന ഓഫിസിലിപ്പോള്‍ 45 പേര്‍ മാത്രമാണുള്ളത്. ഇവരില്‍ 19 പേര്‍ മലപ്പുറം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലാണ്.
ബാക്കിയുള്ള 24 പേരാണ് ഓഫിസിലുള്ളത്. ഒരുവര്‍ഷം മുന്‍പ് ഓഫിസ് പൂട്ടാന്‍ നീക്കം നടത്തുന്നതിന്റെ ഭാഗമായി ഒന്‍പതുപേരെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രക്ഷോഭത്തെത്തുടര്‍ന്ന് മരവിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ തീരുമാനം നടപ്പാക്കാനാണ് അധികൃതരുടെ നീക്കം. രണ്ട് പാസ്‌പോര്‍ട്ട് ഓഫിസുകള്‍ തമ്മിലുള്ള ദൂരപരിധി നൂറു കിലോ മീറ്റര്‍ വേണ്ടിടത്ത് 60 കിലോ മീറ്റര്‍ മാത്രമേയുള്ളൂ, വാടകകെട്ടിടം, തിരൂരൂം മഞ്ചേരിയിലും പോസ്റ്റ് ഓഫിസില്‍ അപേക്ഷ നല്‍കാന്‍ സംവിധാനമൊരുക്കുന്നു, പാസ്‌പോര്‍ട്ട് ഓഫിസില്‍ നേരിട്ടെത്തേണ്ട ആവശ്യം കുറവാണ് തുടങ്ങിയ കാരണങ്ങളാണ് പൂട്ടുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും റിജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ ജി. ശിവകുമാര്‍ പറഞ്ഞു.
എന്നാല്‍, രാജ്യത്തുതന്നെ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് ഓഫിസാണ് മലപ്പുറത്തേതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2006 ഒഗസ്റ്റ് 28നാണ് മലപ്പുറത്ത് പാസ്‌പോര്‍്ട്ട് ഓഫിസ് സ്ഥാപിച്ചത്. ദിനംപ്രതി 1200 ഓളം അപേക്ഷകളാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസില്‍ ലഭിക്കുന്നത്. പ്രതിമാസം 22,000 പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. നേരത്തേ പാലക്കാട് ജില്ല കൂടി മലപ്പുറത്തിന്റെ പരിധിയിലായിരുന്നു. ഇത് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് കാലതാമസം വരുത്തിയതോടെ പാലക്കാട് ജില്ല എറണാകുളം പാസ്‌പോര്‍ട്ട് ഓഫിസിന് കീഴിലാക്കി വിഭജിക്കുകയായിരുന്നു. ഇതോടെ മലപ്പുറത്തെയും പാലക്കാട്ടെയും അപേക്ഷകര്‍ക്ക് അപേക്ഷ നല്‍കി 25 ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഇതാണ് നിലയ്ക്കാന്‍ പോകുന്നത്. പാസ്‌പോര്‍ട്ട് അപേക്ഷക്കുപുറമെ പി.സി.സി, പാസ്‌പോര്‍ട്ട് പുതുക്കല്‍, ഇ.സി.എന്‍.ആര്‍ തുടങ്ങിയ സേവനങ്ങള്‍ക്കും ഏറെ അപേക്ഷകരെത്തുന്നത് മലപ്പുറത്താണ്.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മികച്ച ബി ഗ്രേഡ് പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ രണ്ടാം സ്ഥാനമാണ് മലപ്പുറത്തിനുള്ളത്. 2016-17 വര്‍ഷം വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."