കേരളീയര്‍ ബീഫ് കഴിക്കും; ബി.ജെ.പിക്ക് എന്തു പ്രശ്‌നമെന്ന് കണ്ണന്താനം
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായി ചുമതലയേറ്റയുടനെ ബീഫ് വിഷയത്തില്‍ സ്വന്തം അഭിപ്രായം വെളിപ്പെടുത്തി കണ്ണന്താനം. കേരളീയര്‍ ബീഫ് കഴിക്കുമെന്നും ബി.ജെ.പിക്ക് അതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും കണ്ണന്താനം പറഞ്ഞു. ബീഫ് കഴിക്കരുതെന്ന് പാര്‍ട്ടി ആരോടും പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സമാന നിലപാടുമായി മുന്‍ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ രംഗത്തെത്തിയിരുന്നു. കൂടാതെ കിരണ്‍ റിജിജുവും അരുണാചല്‍പ്രദേശുകാര്‍ ബീഫ് കഴിക്കലുമായി മുന്നോട്ട് പോവുമെന്നും വ്യക്തമാക്കിയിരുന്നു.
ബീഫ് പ്രശ്‌നം രൂക്ഷമായിരിക്കുമ്പോള്‍ ഗോവക്കാര്‍ ബീഫ് കഴിക്കുമെന്ന് പറഞ്ഞ പരീക്കറിന്റെ നിലപാട് ചൂണ്ടിക്കാട്ടിയ കണ്ണന്താനം അതേ രീതിയില്‍ കേരളവും ബീഫ് കഴിക്കുമെന്ന് പറഞ്ഞു.
ഭക്ഷണം ശീലം ഓരോരുത്തരുടെയു ഇഷ്ടമാണെന്നും ഇന്നത് കഴിക്കരുതെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ല. ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ ജനങ്ങള്‍ ബീഫ് കഴിക്കുമ്പോള്‍ കേരളത്തിന് എന്തു പ്രശ്‌നമാണെന്ന് കണ്ണന്താനം ചോദിച്ചു.
ബി.ജെ.പിക്കും ക്രിസ്ത്യന്‍ സമൂഹത്തിനുമിടയിലെ വഴിയായി താന്‍ പ്രവര്‍ത്തിക്കുമെന്നും ബി.ജെ.പിക്കെതിരേ ചില ക്രിസ്ത്യന്‍ സമൂഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചിലരുടെ താല്‍പര്യം മാത്രമാണെന്നും കണ്ണന്താനം പറഞ്ഞു.
2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ നിരവധിയുണ്ടായിരുന്നു. എന്താണ് സംഭവിച്ചത്. ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുമെന്നും ആരാധനക്ക് തടസമാകുമെന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതം വിശ്വസിക്കാമെന്ന നിലപാടാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
ബീഫ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ നിലപാടെടുക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.21 സംസ്ഥാനങ്ങളിലാണ് ഇതുവരെ ബീഫ് നിരോധിച്ചത്.
കേന്ദ്രത്തിന്റെ വിഞ്ജാപനത്തിനെതിരേ കേരളം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. കൂടാതെ ബീഫ് നിരോധനത്തിനെതിരേ ശക്തമായ പ്രതിഷേധമായിരുന്നു കേരളത്തില്‍ ഉയര്‍ന്നിരുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."