എം.എല്‍.എയുടെ വിവാദ പാര്‍ക്കിന് സമീപം നാല് യുവാക്കള്‍ക്ക് ക്രൂര മര്‍ദനം
തിരുവമ്പാടി: കക്കാടംപൊയിലിലെ പി. വി. അന്‍വര്‍ എം. എല്‍.എയുടെ വിവാദ പാര്‍ക്കിന് സമീപത്ത് നാല് യുവാക്കളെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. കൊടിയത്തൂര്‍ സ്വദേശികളായ ഷെറിന്‍ അഹമ്മദ് വടക്കു വീട്ടില്‍, ഷഹദ് അബ്ദുറഹിമാന്‍ ചാലക്കല്‍, ഷാനു ജസീം കമ്പളത്ത്, മുഹമ്മദ് അല്‍ത്താഫ് പറക്കുഴി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
പാര്‍ക്കിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാരോപിച്ചാണ് മര്‍ദനമെന്ന് ഇവര്‍ പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അതേ സമയം മര്‍ദനം നടക്കുന്നതിന് തൊട്ടുമുന്‍പ് സമീപത്തെ ഒരു ഷെഡിന് അജ്ഞാതര്‍ തീവച്ചിരുന്നു.
ഈ കൃത്യം ചെയ്തത് ഇവരാണെന്ന സംശയവും അക്രമത്തിന് കാരണമായതായി പറയുന്നുണ്ട്. അക്രമത്തില്‍ മൂക്ക് തകര്‍ന്ന ഷാനു ജസീം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുവമ്പാടി പൊലിസിന്റെ സാന്നിധ്യത്തിലാണ് മര്‍ദിച്ചതെന്നും സ്ഥലത്തെത്തിയ പോലിസുകാര്‍ മദ്യലഹരിയിലായിരുന്നെന്നും അക്രമത്തിന് ഇരയായവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
മര്‍ദിച്ച ശേഷം പൊലിസ് യുവാക്കളെ മുട്ടുകാലില്‍ ഏറെ നേരം നിര്‍ത്തിയതായും പരുക്കേറ്റവര്‍ പറഞ്ഞു. അതേ സമയം ഷെഡിന് തീവച്ച വിവരം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് യുവാക്കള്‍ അക്രമിക്കപ്പെട്ടതായി കണ്ടെതെന്നാണ് പൊലിസ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. രണ്ട് പൊലിസുകാരും ഇതില്‍ ഉള്‍പ്പെടും. താമരശ്ശേരി സി.ഐ ക്കാണ് അന്വേഷണ ചുമതല. കക്കാടംപൊയിലില്‍ യുവാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലിസുകാര്‍ മദ്യലഹരിയിലായിരുന്നുവെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐയും രംഗത്തെത്തി.
മര്‍ദനത്തില്‍ അവശരായ യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ പോലും പൊലിസ് തയാറായില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം വി. വസീഫ് കുറ്റപ്പെടുത്തി.
പാര്‍ക്കിന് സമീപത്ത് നിരന്തരമായി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."