പഠനമികവുകൊണ്ട് പരിമിതികളെ പിന്തള്ളി എം.ബി.ബി.എസ് കടമ്പകടന്ന് ഫസീല
കോവളം: ചുറ്റുപാടുകളുടെ പരിമിതികളെ നിശ്ചയദാര്‍ഢ്യംകൊണ്ട് പിന്തള്ളി ഫസീല എന്ന പെണ്‍കുട്ടി ഒരു നാടിന് തന്നെ മാതൃകയാകുന്നു. സാമ്പത്തിക പരാധിനതകളുടെ പരിമിതികള്‍ വരിഞ്ഞുമുറുക്കിയ ബാല്യത്തില്‍ ഒരു നഴ്‌സ് എങ്കിലും ആവുക എന്നതായിരുന്നു മോഹം. ഇത് പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഈ പെണ്‍കുട്ടിക്ക് പ്രചോദനം നല്കി.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരു ഡോക്ടറാവുക എന്ന സ്വപ്നത്തിലേക്ക് ഫസീല എത്തുന്നത്. വലിയ ഫീസ് നല്കി തന്നെ പഠിപ്പിക്കാന്‍ നിര്‍ധനരായ മാതാപിതാക്കള്‍ക്ക് കഴിയില്ലെന്ന് അറിയാമായിരുന്നതിനാല്‍ നന്നായി പഠിച്ച് മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടാന്‍ ഈ പെണ്‍കുട്ടി ഭഗീരഥ പ്രയത്‌നം തന്നെ നടത്തി.
ഒടുവില്‍ എ.ബി.ബി.എസ് എന്‍ട്രസ് പരീക്ഷയുടെ ഫലമെത്തുമ്പോള്‍ ഫസീലയുടെ കഠിന പ്രയത്‌നവും പ്രാര്‍ഥനയും ഫലം കണ്ടു. പത്തനംതിട്ട മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജില്‍ മെറിറ്റ് സീറ്റിലാണ് ഫസീലയ്ക്ക് എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ചിരിക്കുന്നത്.
വിഴിഞ്ഞം ഹാര്‍ബറില്‍ താഴെവീട്ടു വിളാകത്ത് മത്സ്യതൊഴിലാളിയായ സുലൈമാന്‍-അഷറഫ് ദമ്പതികളുടെ നാല് മക്കളില്‍ മൂത്ത ആളാണ് ഫസീല. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത സാമ്പത്തിക അവസ്ഥയില്‍നിന്നാണ് ഫസീല തന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്കിയത്.
സ്വന്തമായി വീടില്ലാത്തിനാല്‍ ബന്ധുവീട്ടിലെ പരിമിതമായ സാഹചര്യത്തില്‍ കഴിഞ്ഞാണ് ഫസീല പഠനം നടത്തിയത്. ബുദ്ധിമുട്ടുകള്‍ക്കിടയിലും മകളുടെ പഠനം മുടങ്ങാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. വെങ്ങാനൂര്‍ വി.എച്ച്.എസ്, എസ് ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ ബയോളജി പഠിപ്പിച്ചിരുന്ന ആനി ടീച്ചറുടെ നിര്‍ലോഭമായ പ്രോത്സാഹനം ഫസീലയുടെ എം.ബി.ബി.എസ് എന്ന ലക്ഷ്യത്തിന് ഊര്‍ജ്ജം പകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."