ഒരേക്കര്‍ ഭൂമി മണ്ണിട്ടുനികത്താന്‍ അനുമതി; നടപടി വിവാദമാകുന്നു
പൊന്നാനി: പൊന്നാനി ശക്തി തിയേറ്ററിനു പിറകുവശത്തെ ഭൂമി മണ്ണിട്ട് നികത്താന്‍ നഗരസഭാ സെക്രട്ടറി ഉത്തരവ് നല്‍കിയത് വിവാദമാകുന്നു. പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപണം ശക്തമായിട്ടുണ്ട് .
പൊന്നാനി ശക്തി തിയേറ്ററിന്റെ പിറകുവശത്തെ ഒരു ഏക്കറോളം ഭൂമി നികത്താന്‍ പൊന്നാനി നഗരസഭ സെക്രട്ടറി നോട്ടീസ് നല്‍കിയതാണ് വിവാദമായിരിക്കുന്നത്. ഈഴുത്തിരുത്തി വില്ലേജിലെ ബ്ലോക്ക് 66 ല്‍ റിസര്‍വെ 2031 എ യില്‍ രജിസ്റ്റര്‍ പ്രകാരം ഡാറ്റാ ബാങ്കില്‍ നഞ്ചു ഭൂമിയായി രേഖപ്പെടുത്തിയ സ്ഥലം മണ്ണിട്ട് നികത്താന്‍ ആണ് സെക്രട്ടറി ഉടമയ്ക്ക് ഉത്തരവ് നല്‍കിയത്.
സ്ഥലത്ത് മലിനജലം കെട്ടിനില്‍ക്കുന്നതായും ദുര്‍ഗന്ധം വമിക്കുന്നതായും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ വളരുന്നതുമാണ് ഭൂമി മണ്ണിട്ട് നികത്താന്‍ കാരണമായി സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളം കാന നിര്‍മിച്ച് ഒഴുക്കിവിടാന്‍ സംവിധാനമൊരുക്കി സ്ഥലം മണ്ണിട്ട് നികത്തി നഗരസഭയില്‍ രേഖാമൂലം അറിയിച്ചില്ലെങ്കില്‍ മുനിസിപ്പല്‍ ആക്ടിലെ സെക്ഷന്‍ 337, 440 പ്രകാരം നിയമ നടപടി കൈക്കൊള്ളുമെന്നും സെക്രട്ടറി ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഒരേക്കര്‍ ഭൂമി നികത്താനുള്ള നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് അനുവാദമില്ലെന്നിരിക്കെ ഇത് ഭൂവുടമയും സെക്രട്ടറിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സി.പി.ഐ കൗണ്‍സിലര്‍ എ ജബ്ബാര്‍ പറഞ്ഞു.
വലിയ അഴിമതിയാണ് സംഭവത്തില്‍ നടന്നതെന്നും ഭരണകക്ഷിയിലെ പ്രമുഖര്‍ ഇതിന് ഒത്താശ ചെയ്തിട്ടുണ്ടെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് എം.പി നിസാര്‍ പറഞ്ഞു. നഗരസഭയില്‍ ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമി നികത്തണമെങ്കില്‍ നിലം കമ്മിറ്റിയുടെ അംഗീകാരം ലഭിക്കണമെന്നാണ് നിയമം. ഇതുതന്നെ അഞ്ചു സെന്റില്‍ കൂടുതല്‍ അനുവദിക്കാനും കഴിയാത്ത സാഹചര്യത്തില്‍ കൊതുകുവളരുന്ന ന്യായം മുന്‍നിര്‍ത്തി ഒരേക്കറോളം വരുന്ന ഭൂമി നികത്താന്‍ അനുമതി നല്‍കിയ സാഹചര്യം പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.
വിഷയത്തില്‍ സെക്രട്ടറിക്കെതിരേ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് ഇറങ്ങാന്‍ പോകുകയാണ്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി സ്വകാര്യ ആവശ്യത്തിനായി നികത്താന്‍ കഴിയില്ലെന്ന് തഹസില്‍ദാര്‍ ജി നിര്‍മല്‍കുമാര്‍ പറഞ്ഞു. സെക്രട്ടറിയുടെ നടപടിക്ക് പിന്നില്‍ ചില ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്ന ആരോപണം ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."