ലക്ഷ്യം സമഗ്രാധിപത്യം
കൊളംബോ: ടെസ്റ്റ് പരമ്പര 3-0ത്തിനും ഏകദിന പരമ്പര 5-0ത്തിനും തൂത്തുവാരി ശ്രീലങ്കയെ നിലംതൊടാന്‍ അനുവദിക്കാതെ നിര്‍ത്തിയ ഇന്ത്യ പര്യടനത്തിലെ ഏക ടി20 പോരാട്ടത്തിന് ഇന്നിറങ്ങും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏക ടി20 പോരാട്ടം ഇന്ന് കൊളംബോയില്‍ അരങ്ങേറും. ഏക ടി20യും വിജയിച്ച് സമഗ്രാധിപത്യത്തോടെ ലങ്കന്‍ പര്യടനം അവസാനിപ്പിക്കാനുള്ള ലക്ഷ്യവുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ബാറ്റിങിലും ബൗളിങിലും മികച്ച നിലവാരവും സ്ഥിരതയും പുലര്‍ത്തുന്ന ഇന്ത്യ കത്തുന്ന ആത്മവിശ്വാസത്തിലാണ്. വരാനിരിക്കുന്ന ആസ്‌ത്രേലിയക്കെതിരായ പോരാട്ടത്തിനുള്ള ഊര്‍ജമാണ് ഇന്ത്യന്‍ ലങ്കന്‍ പര്യടനത്തിലെ വിജയത്തിലൂടെ സംഭരിക്കുന്നത്. ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിന്റെ ഘടന സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാനുള്ള അവസരമായി ശ്രീലങ്കക്കെതിരായ പോരാട്ടം മാറും. വരാനിരിക്കുന്ന ടി20യില്‍ ആരെ കൊള്ളണം ആരെ തള്ളണം എന്ന തീരുമാനം ഈ മത്സരത്തെ അടിസ്ഥാനമാക്കിയാവും ഇന്ത്യന്‍ അധികൃതര്‍ എടുക്കുക.
സ്വന്തം മണ്ണില്‍ ഹതാശരായി പോയ ലങ്കയ്ക്ക് മുഖം രക്ഷിക്കാനുള്ള അവശേഷിക്കുന്ന ഏക അവസരമാണ് ഇന്നത്തെ പോരാട്ടം. ടെസ്റ്റും ഏകദിനവും ഇന്ത്യക്ക് മുന്നില്‍ അടിയറവ് വച്ച അവര്‍ ടീമെന്ന നിലയില്‍ ഒത്തൊരുമ പ്രകടിപ്പിക്കാനുള്ള പെടാപ്പാടിലാണ്. ഒരു താരവും സ്ഥിരത പുലര്‍ത്താതെ നില്‍ക്കുന്നതാണ് ലങ്കന്‍ അധികൃതരെ കുഴക്കുന്നത്. ലങ്ക ലെഗ് സ്പിന്നര്‍ ജെഫ്രെ വന്‍ഡര്‍സെ, ദുസന്‍ ഷനക, വനിന്ദു ഹസരംഗ, ഇസുരു ഉദന, സീക്കുഗെ പ്രസന്ന, വികും സഞ്ജയ എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."