കുന്നംകുളത്തിന്റെ ഓണ തല്ല് സമാപിച്ചു
കുന്നംകുളം: ഓണക്കാലത്ത് കുന്നംകുളത്തിന്റെ പ്രധാന വിനോദോപാധിയായ ഓണ തല്ല് അഥവാ കയ്യാങ്കളി സമാപിച്ചു. ഓണാഘോഷപരിപാടിയായ നിലാവെട്ടത്തിന്റെ കൂടി ഭാഗമായി ഓണതല്ലിനെ മാറ്റിയതോടെയാണ് നിലാവെട്ടത്തിന്റെ പ്രധാന വേദിയായ സീനിയര്‍ ഗ്രൗണ്ടിലേക്ക് തല്ല് മാറിയത്.
രണ്ട് ചേരികളിലായി തല്ലുകാര്‍ പരസ്പരം വെല്ലുവിളിച്ച് ജോഡികളായി തല്ലുന്നതാണ് ഓണതല്ല്. ഒരാളുടെ തോല്‍വിയോടെയാണ് തല്ല് നിര്‍ത്തുക. ഓരോ ചേരിയില്‍ നിന്നും ഇറങ്ങുന്ന തല്ല്കാരന് കിടപിടിക്കാനാകുംവിധം മറുചേരിയില്‍നിന്നും തല്ലുകാര്‍ ഇറങ്ങുന്നതോടെയാണ് തല്ല് കളത്തിന് ചൂടേറുക. അയ്യത്തടാ വായ്ത്താരി മുഴക്കി കാണികള്‍ തല്ലുകാര്‍ക്ക് പ്രോത്സാഹനം നല്‍കി .
ഓണത്തല്ല് ആശാന്‍മാരായ ചെറുതുരുത്തി സ്വദേശികളായ വാപ്പുനുവിന്റെയും മൊയ്തുവിന്റെയും നേതൃത്വത്തിലാണ് ഇക്കുറിയും തല്ലുകാര്‍ കളത്തിലിറങ്ങിയത്. സമാപന സമ്മേളനം ബാബു എം. പാലിശേരി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബിനോയ് അധ്യക്ഷനായി. സി.പി ജോണ്‍ മുഖ്യാതിഥിയായി . വേണു ഏറത് , നെല്‍സണ്‍ ഐപ്പ് സംസാരിച്ചു. വൈകീട്ട് പ്രധാന വേദിയില്‍ ആമുഖം സംഘടിപ്പിച്ചു. നടന്‍ വി.കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.കെ സതീശന്‍ അധ്യക്ഷനായി . പി.ജി ജയപ്രകാശ് , ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് രാജേഷ് സംസാരിച്ചു.
രേഷ്മ സനീഷിന്റെ ഗാനാലാപനവും , കലാമണ്ഡലം മേജര്‍ സെറ്റ് ഒരുക്കിയ ദുര്യോധനവധം കഥകളിയുമുണ്ടായി. വ്യാഴാഴ്ച അഞ്ചിന് അനുമോദന സദസ്സില്‍ മേഖലയില്‍ തലങ്ങളില്‍ പ്രഗല്‍ഭ്യം തെളിയിച്ച വ്യക്തികളെ ആദരിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാമണ്ഡലം കലാകാരികള്‍ ഒരുക്കുന്ന നൃത്തനൃത്തങ്ങള്‍ , സിനിമാറ്റിക് ഡാന്‍സ് മത്സരം എന്നിവയുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."