വയറ്റിലെ 'തൊണ്ടി മുതല്‍' പുറത്തെടുക്കാനായില്ല
കൊണ്ടോട്ടി: വിമാന യാത്രക്കാരന്റെ ശരീരത്തിനുള്ളില്‍ നിന്ന് സ്വര്‍ണ നാണയങ്ങള്‍ പുറത്തെടുക്കാനുളള ശ്രമം ഇന്നലേയും വിജയിച്ചില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ അബൂദബിയില്‍ നിന്ന് ഇത്തിഹാദ് എയര്‍വേയ്സ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കൊടുവള്ളി ചെറിയാലമണ്ണില് നവാസി(34)നെയുമായാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രണ്ടുദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. എക്സ്റേ പരിശോധനയില്‍ ഇയാളുടെ വയറ്റിനുള്ളില്‍ 7 സ്വര്‍ണ നാണയങ്ങളുള്ളതായി തെളിഞ്ഞിട്ടുണ്ട്.
മരുന്ന് നല്കി പുറത്തെടുക്കാനുളള ശ്രമമാണ് ഡോക്ടര്‍മാര്‍ നടത്തുന്നത്. ശരീരത്തില്‍ മൂന്ന് ദിവസത്തിലധികം ഇത്തരം വസ്തുക്കള്‍ നില്‍ക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഇതിനു ശേഷമാവും ആവശ്യമെങ്കില്‍ മറ്റു നടപടികളിലേക്ക് നീങ്ങുക.
എയര്‍പോര്‍ട്ടില്‍ നടത്തിയ എക്സ്റേ പരിശോധനയില്‍ വന്‍കുടലിന്റെ താഴ്ഭാഗത്ത് ലോഹനിര്‍മിതമായ ഏഴു കഷ്ണങ്ങള്‍ കണ്ടതോടെയാണ് ഇവ പുറത്തെടുക്കാന്‍ കസ്റ്റംസ് ശ്രമം ആരംഭിച്ചത്.
പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ വിശദ പരിശോധനയിലാണ് സ്വര്‍ണ നാണയങ്ങളാണെന്ന് കണ്ടെത്തിയത്. നാണയങ്ങള്‍ യാത്രക്കാരന് വിഴുങ്ങിയതാണെന്ന് കരുതുന്നു.
മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇവ ശരീരത്തിനകത്ത് എത്തിയതാണോ എന്നും സംശയമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."