ഇന്ത്യക്കെതിരേ സംയുക്ത ആക്രമണമുണ്ടായേക്കുമെന്ന് കരസേനാ മേധാവി
ന്യൂഡല്‍ഹി: ദോക് ലാ വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചെങ്കിലും അതിര്‍ത്തിയില്‍ സൈനികര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാകിസ്താന്റെയും ചൈനയുടെയും ഭാഗത്ത് നിന്ന് സംയുക്ത ആക്രമണത്തെ ഇന്ത്യ എപ്പോഴും പ്രതീക്ഷിച്ചിരിക്കണമെന്നാണ് ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയത്.
ഇന്ത്യ മുഖ്യ എതിരാളിയെന്നാണ് പാകിസ്താന്‍ വിശ്വസിക്കുന്നത്. ഇക്കാരണത്താലാണ് അവര്‍ നിരന്തരമായി നിഴല്‍ യുദ്ധത്തിന് നേതൃത്വം നല്‍കുന്നത്. ദോക് ലാ വിഷയത്തില്‍ ചൈന ഇന്ത്യക്കുമുന്നില്‍ മുട്ടുമടക്കിയതാണ്.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മാറ്റം വരുത്താനുള്ള ശ്രമമാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ചൈനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മുതലെടുക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന്‍.
ഇക്കാരണത്താല്‍ ഇന്ത്യയുടെ തെക്ക് -വടക്ക് അതിര്‍ത്തികളില്‍ നിന്ന് ഒരേ സമയം ആക്രമണത്തെ നാം പ്രതീക്ഷിച്ചിരിക്കേണ്ടതുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."