കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഭയമില്ല- പ്രധാനമന്ത്രി
യാങ്കൂണ്‍: ഏറെ വിമര്‍ശനങ്ങളേറ്റു വാങ്ങിയ നോട്ടു നിരോധനത്തേയും ജി.എസ്.ടിയേയും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതാത്പര്യത്തിനായി എത്ര കടുത്ത തീരുമാനങ്ങളെടുക്കാനും തന്റെ സര്‍ക്കാറിന് ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. മ്യാന്മറില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്യുകയായിരുന്നു മോദി. രാഷ്ട്രീയത്തിന് ഉപരി രാജ്യത്തെ പരിഗണിക്കുന്നതുകൊണ്ടാണ് കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
രാജ്യ താത്പര്യത്തിനായി എത്ര കടുത്ത തീരുമാനമെടുക്കാനും ഭയമില്ല. മിന്നലാക്രമണമായാലും, നോട്ട് നിരോധനമായാലും, ജിഎസ്ടിയായാലും ഒരുവിധ ഭയമോ കാലവിളംബമോ കൂടാതെ ഞങ്ങള്‍ തീരുമാനമെടുക്കും. കാരണം തങ്ങള്‍ക്ക് രാഷ്ട്രീയത്തെക്കാള്‍ പ്രധാനം രാജ്യമാണ്- അദ്ദേഹം വ്യക്തമാക്കി.
കള്ളപ്പണം തടയാനാണ് നോട്ട് നിരോധിച്ചത്. കള്ളപ്പണം വെളുപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാണ് നടപടിയെടുത്തത്. രാജ്യത്തെ 125 കോടി ജനങ്ങളെ ഒരു കൂട്ടം ആളുകള്‍ അവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതനുവദിക്കാനാവില്ല-മോദി ചൂണ്ടിക്കാട്ടി.
നോട്ടു നിരോധനം വഴി നാളിതുവരെ നികുതി അടയ്ക്കാതെ ബാങ്കില്‍ കോടികള്‍ നിക്ഷേപമുണ്ടായിരുന്നവരെ തിരിച്ചറിയാന്‍ സാധിച്ചു. രണ്ട് ലക്ഷത്തിലേറെ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിഎസ്ടി പ്രാബല്യത്തിലായി രണ്ട് മാസം കൊണ്ട് തന്നെ സത്യസന്ധമായി ബിസിനസ് നടത്താവുന്ന അന്തരീക്ഷം സംജാതമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ മുന്നോട്ട് പോകാനാകുമെന്ന് ഇന്ന് രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേവലം ഇന്ത്യയെ പരിഷ്‌കരിക്കുകയല്ല ചെയ്യുന്നത് മറിച്ച് അടുമുടി മാറ്റിയെടുക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്. പുതിയ ഇന്ത്യ നിര്‍മ്മിക്കുകയാണ്. 2022 ല്‍ 75 ാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ആ ലക്ഷ്യം കൈവരിക്കുമെന്നും മോദി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."