28നകം തീര്‍പ്പാക്കണം എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനാംഗീകാരം
ചെറുവത്തൂര്‍: എയ്ഡഡ് വിദ്യാലയങ്ങളിലെ ഈ അധ്യയനവര്‍ഷത്തെ നിയമനാംഗീകാര ഫയലുകളില്‍ സെപ്റ്റംബര്‍ 28 നകം തീര്‍പ്പുകല്‍പ്പിക്കണം. തസ്തിക നിര്‍ണയം അതിവേഗം പൂര്‍ത്തിയാക്കിയിട്ടും നിയമനാംഗീകാര നടപടികള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിയമനാഗീകാരം കാത്തുനില്‍ക്കുന്ന നിരവധി അധ്യാപകര്‍ക്ക് നിര്‍ദേശം ആശ്വാസമാകും. ജൂലൈ പതിനഞ്ചിന് തന്നെ ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയായിരുന്നു. ഫയലുകളുടെ റിവ്യൂ ഓഗസ്റ്റ് 31 നും പൂര്‍ത്തിയായി. എന്നാല്‍ നിയമനാംഗീകാരത്തെക്കുറിച്ച് അന്വേഷിച്ചാല്‍ ഡി.പി.ഐ യില്‍ നിന്ന് ഉത്തരവ് വരാനുണ്ടെന്ന മറുപടിയാണ് മിക്ക വിദ്യാഭ്യാസ ഓഫിസുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ഇത്തരം നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം കത്ത് രൂപത്തില്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അയച്ചിരിക്കുന്നത് .
ഈ വര്‍ഷം നിയമനാംഗീകാരം നല്‍കുന്ന കാര്യത്തില്‍ സ്പഷ്ടീകരണം ആവശ്യപ്പെട്ട് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഡയറക്ടറേറ്റിലേക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്നവരും, കടമ മറക്കുന്നവരുമാണ് ഇത്തരം ഓഫിസര്‍മാരെന്നും ഡി.പി. ഐ കത്തില്‍ വിമര്‍ശിക്കുന്നു. നിലവിലുള്ള ചട്ടങ്ങളും ഉത്തരവുകളും അനുസരിച്ച് ഉടന്‍ നിയമനാംഗീകാര ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കണം. ഓരോ വര്‍ഷവും ഡയറക്ടറേറ്റില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ നിര്‍ദേശം വരട്ടെയെന്ന് കരുതി കാത്തിരിക്കുന്നത് അധ്യാപക ദ്രോഹമാണ്. പ്രൊപ്പോസല്‍ ലഭിച്ച് ഒരുമാസത്തിനകം നിയമനാംഗീകാരം നല്‍കണമെന്ന കെ.ഇ.ആര്‍ ചട്ടവും വിദ്യാഭ്യാസ ഓഫിസര്‍മാരെ ഓര്‍മപ്പെടുത്തുന്നുണ്ട്.
ആവശ്യമെങ്കില്‍, എയ്ഡഡ് സ്‌കൂള്‍ വിഷയത്തില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ക്ലര്‍ക്കുമാര്‍ക്കും, വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഏകദിന പരിശീലന പരിപാടി വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ സംഘടിപ്പിക്കണം. വേണമെങ്കില്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിശീലന പരിപാടിയില്‍ പങ്കെടുക്കും. മതിയായ കാരണങ്ങള്‍ ഇല്ലാതെ സെപ്റ്റംബര്‍ 30 നു ശേഷവും ഫയലുകളില്‍ തീരുമാനമെടുക്കാതെ സൂക്ഷിക്കുന്നുവെങ്കില്‍ ഉപജില്ലാ - ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കെതിരേ അച്ചടക്ക നടപടി കൈക്കൊള്ളും. ചെറിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടി അംഗീകാരം നിരസിക്കുന്ന രീതി ശരിയല്ലെന്നും അപ്പീല്‍ നല്‍കി അംഗീകാരം വാങ്ങട്ടെയെന്ന നിലപാട് വിദ്യാഭ്യാസ ഓഫിസുകളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കത്തില്‍ ഓര്‍മപ്പെടുത്തുന്നു.
അതേസമയം 2016 - 17 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ കോടതി വിധിക്ക് ശേഷമേ ഈ വര്‍ഷത്തെ നിയമനാംഗീകാര ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കൂ. ഈ പ്രോപ്പോസലുകള്‍ നിരസിക്കാതെ വിദ്യാഭ്യാസ ഓഫിസുകളില്‍ സൂക്ഷിക്കാനും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."