തരിശുനിലത്ത്് പൊന്ന് വിളയിക്കാനൊരുങ്ങി അഗ്രോസര്‍വിസ് സെന്റര്‍
സുല്‍ത്താന്‍ ബത്തേരി: തരിശ് ഭൂമിയില്‍ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ നെല്‍കൃഷിയിറക്കി അഗ്രോസര്‍വിസ് സെന്റര്‍. ബത്തേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോസെന്ററാണ് ബത്തേരി പൂളവയലില്‍ ഒന്നര ഏക്കര്‍ തരിശുനിലത്ത് നെല്‍കൃഷിയിറക്കിയത്. നെല്‍കൃഷി വ്യാപിപ്പിക്കുക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അഗ്രോസര്‍വിസ് സെന്ററിന്റെ നേതൃത്വത്തിലാണ് പൂളവയല്‍ പാടശേഖരത്തില്‍ നെല്‍കൃഷി ഇറക്കിയത്. പാടശേഖരങ്ങളില്‍ തരിശായി കിടക്കുന്ന ഭൂമി പാട്ടത്തിനെടുത്താണ് സെന്റര്‍ നെല്‍കൃഷി ഇറക്കിയത്. ഇത്തരത്തില്‍ പ്രദേശത്ത് തരിശായി കിടന്നിരുന്ന ഒന്നര ഏക്കര്‍ വയലിലാണ് നെല്‍കൃഷി ചെയ്തത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി അഗ്രോസര്‍വിസ് സെന്റര്‍ ചെയ്യുന്നത്. ബത്തേരി സെന്റ് മേരീസ് കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികളും ഈ ഉദ്യമത്തിന് കൂട്ടായെത്തിയിരുന്നു. യന്ത്രങ്ങള്‍ ഉപയോഗിച്ചും നേരിട്ട് നട്ടുമാണ് നെല്‍കൃഷി ചെയ്തത്. നടീല്‍ ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി നിര്‍വഹിച്ചു. ആത്മ ഡയറക്ടര്‍ ഡോ.ആശ അധ്യക്ഷയായി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കര്‍ഷകരും കുട്ടികളും പരിപാടിയില്‍ പങ്കാളികളായി. നെല്‍കൃഷിക്ക് പുറമെ പച്ചക്കറി വ്യാപനത്തിനും അഗ്രോസര്‍വിസ് സെന്റര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."