'ചങ്ങാതി' പദ്ധതിക്ക് മഞ്ചേശ്വരത്ത് ഇന്ന് തുടക്കം
കാസര്‍കോട്: ലോക സാക്ഷരതാ ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സാക്ഷരതാ മിഷന്‍ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'ചങ്ങാതി' പദ്ധതിക്ക് ഇന്ന് മഞ്ചേശ്വരത്ത് തുടക്കമാവും. സംസ്ഥാനത്തെ ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെടുന്ന ഒരു പഞ്ചായത്തിലാണ് സാക്ഷരതാ മിഷന്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ മഞ്ചേശ്വരം പഞ്ചായത്തിനെയാണ് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുകയെന്ന ദൗത്യമാണ് ഇതിന് പിന്നിലുള്ളത്. ആറു മാസത്തിലധികം കാലം സംസ്ഥാനത്തു താമസിച്ചു ജോലികള്‍ ചെയ്തു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ 'ഹാമാരെ മലയാളം' എന്ന പേരിലാണ് ചങ്ങാതി പദ്ധതിയിലൂടെ പഠനം നടത്തി കൊടുക്കുന്നത്. മൂന്നു മാസമാണ് പഠന കാലയളവ്.
ജില്ലയില്‍ ഫാക്ടറികളിലും മത്സ്യ ബന്ധന മേഖലയിലും ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നത് മഞ്ചേശ്വരം മേഖലയിലാണ്. ഇക്കാരണത്താലാണ് ചങ്ങാതി പദ്ധതിയിലേക്ക് മഞ്ചേശ്വരം പഞ്ചായത്തിനെ തെരഞ്ഞെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ഇതിന് പുറമേ മഞ്ചേശ്വരത്തിനടുത്ത തുമിനാട്, പെര്‍മുദെ, കണ്ണതീര്‍ഥ എന്നീ പ്രദേശങ്ങളിലും ഒട്ടനവധി ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്തു വരുന്നുണ്ട്. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ശക്തി നഗര്‍ ഫിഷറീസ് കോളനിയില്‍ മാത്രം 180 ആളുകളെയാണ് ചങ്ങാതി പദ്ധതിയിലേക്ക് അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്. നിലവില്‍ സര്‍ക്കാരിന്റെ ഈപദ്ധതി പെരുമ്പാവൂര്‍ നഗരസഭയില്‍ മാത്രമാണുള്ളത്.
കുഞ്ചത്തൂര്‍ ശക്തിനഗര്‍ ഫിഷറീസ് കോളനിയില്‍ പദ്ധതിയുടെ ഭാഗമായി ഗൃഹ സന്ദര്‍ശനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ ജില്ലാ കോഡിനേറ്റര്‍ വി.പി ശ്യാംലാല്‍, വികസന കേന്ദ്രം പ്രേരക്മാരായ എന്‍. വിന്‍സെന്റ്, പരമേശ്വര നായക്, ഗ്രെസി വെഗാസ്, നളിനാക്ഷി എന്നിവരുള്‍പ്പെടെയുള്ള സംഘം ഇത് സംബന്ധമായ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."