റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വാതില്‍ തുറന്ന് മലേഷ്യ
ക്വാലാലംപൂര്‍: കലാപബാധിത പ്രദേശമായ മ്യാന്മറിലെ രാഖൈനില്‍നിന്നു പലായനം ചെയ്യുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വാതില്‍ തുറന്ന് മലേഷ്യ. അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ഥികളെ തടയില്ലെന്നും രാജ്യത്ത് താല്‍ക്കാലിക അഭയാര്‍ഥിക്യാംപുകള്‍ സ്ഥാപിക്കുമെന്നും മലേഷ്യന്‍ നാവിക അധികൃതര്‍ അറിയിച്ചു.
സൈന്യത്തിന്റെയും ബുദ്ധ ഭീകരരുടെയും നേതൃത്വത്തില്‍ ആക്രമണം ശക്തമായതിനു പിറകെ കഴിഞ്ഞ ദിവസങ്ങളില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ നാടും വീടും ഉപേക്ഷിച്ച് ബംഗ്ലാദേശിലേക്ക് പ്രവഹിക്കുകയായിരുന്നു. എന്നാല്‍, അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാനാകാതെ ബംഗ്ലാദേശ് അതിര്‍ത്തി അടച്ചതോടെ റോഹിംഗ്യക്കാര്‍ നടുക്കടലിലായിരിക്കുകയാണ്. മലേഷ്യയുടെ പുതിയ നയത്തോടെ വരുംദിവസങ്ങളില്‍ അങ്ങോട്ടേക്ക് റോഹിംഗ്യന്‍ പ്രവാഹമുണ്ടാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. അതിര്‍ത്തി കടന്നുവരുന്ന റോഹിംഗ്യക്കാര്‍ക്കായി താല്‍ക്കാലിക അഭയാര്‍ഥിക്യാംപുകള്‍ സ്ഥാപിക്കുമെന്ന് മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ഡയരക്ടര്‍ ജനറല്‍ സുല്‍ഫിക്കര്‍ അബൂബക്ര്‍ അറിയിച്ചു.
പുതിയ തീരുമാനത്തെ പ്രധാനമന്ത്രി നജീബ് റസാഖ് അംഗീകരിച്ചിട്ടുണ്ട്. റോഹിംഗ്യക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികളുണ്ടാകുമെന്ന് നേരത്തെ മലേഷ്യന്‍ സര്‍ക്കാര്‍ മ്യാന്മറിനു മുന്നറിയിപ്പു നല്‍കിയിരുന്നു. മലേഷ്യയില്‍ ഇപ്പോള്‍ തന്നെ ഒരു ലക്ഷത്തിലേറെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കഴിയുന്നുണ്ട്.
റോഹിംഗ്യക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ അമേരിക്കയും ആശങ്ക അറിയിച്ചു. കലാപബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും വെള്ളവും മരുന്നുമായെത്തുന്ന സന്നദ്ധ സംഘങ്ങളെ തടങ്ങ നടപടി പിന്‍വലിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് റാഖൈനിലേക്ക് പ്രവേശനം അനുവദിക്കണമെന്നും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നുവെര്‍ട്ട് ആവശ്യപ്പെട്ടു. ബര്‍മീസ് സൈന്യത്തിനു നേരെയുള്ള ആക്രമണത്തെ അപലപിക്കുന്നു. അതൊടൊപ്പം സ്വന്തം പൗരന്മാര്‍ക്കുനേരെ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തെ പിന്താങ്ങുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, രണ്ട് ആഴ്ചയ്ക്കിടെ ബംഗ്ലാദേശിലെത്തിയ റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ എണ്ണം 2,70,000 കടന്നതായി യു.എന്‍ അഭയാര്‍ഥി ഹൈക്കമ്മിഷണറുടെ വക്താവ് അറിയിച്ചു. പുതിയ അക്രമസംഭവങ്ങള്‍ക്കു തുടക്കമായ ഓഗസ്റ്റ് 25 മുതല്‍ ഇതുവരെയായി ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായും യു.എന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കാലവര്‍ഷം ശക്തമായ പശ്ചാത്തലത്തില്‍ അന്തമാന്‍ കടലു വഴി കി.മീറ്ററുകള്‍ കടന്നുള്ള അഭയാര്‍ഥികളുടെ സഞ്ചാരം ദുര്‍ഘടം പിടിച്ചതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."