സംസ്ഥാന ജൂനിയര്‍ അത്‌ലറ്റ് മീറ്റ്: കിരീടം നിലനിര്‍ത്തി പാലക്കാട്
തിരുവനന്തപുരം: കഴിഞ്ഞ മൂന്നു ദിവസങ്ങളായി അനന്തപുരിയില്‍ അരങ്ങേറിയ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ല കിരീടം നിലനിര്‍ത്തി. 522 പോയിന്റുകള്‍ നേടിയാണ് എറണാകുളം ജില്ലയെ പിന്നിലാക്കി പാലക്കാട് ഓവറോള്‍ കിരീടംചൂടിയത്.
തിരുവനന്തപുരത്തിന് ട്രാക്കില്‍ കാലിടറിയതോടെ കുതിച്ചു കയറിയ എറണാകുളം 508 പോയിന്റുകളുമായി രണ്ടാമതെത്തി. ആതിഥേയരായ തിരുവനന്തപുരം 430 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ളത്.
അവസാന ദിവസം എട്ട് പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. ആദ്യ ദിവസം ഏഴ് റെക്കോര്‍ഡുകളും രണ്ടാം ദിവസം അഞ്ച് റെക്കോര്‍ഡുകളുമായിരുന്നു അനന്തപുരിയുടെ ട്രാക്കില്‍ പിറന്നത്. ആദ്യ ദിവസം കനത്ത മഴയില്‍ നഗരമൊന്നടങ്കം വെള്ളത്തില്‍ കുളിച്ചെങ്കിലും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ താരങ്ങളുടെ പോരാട്ട വീര്യത്തെ തളര്‍ത്താന്‍ മഴയ്ക്കായില്ല. ആദ്യ ദിനത്തില്‍ ആതിഥേയരായ തിരുവനന്തപുരമായിരുന്നു മുന്നിട്ടിരുന്നതെങ്കില്‍ രണ്ടാം ദിവസം ശക്തമായ മുന്നേറ്റത്തോടെ പാലക്കാട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് പിന്നീടുള്ള രണ്ട് ദിവസവും ലീഡ് വിടാതെ കിരീടം നിലനിര്‍ത്തുകയായിരുന്നു. ആദ്യ ദിനത്തില്‍ പിന്നിലായിരുന്ന എറണാകുളം പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
അവസാന ദിനം പിറന്നത് എട്ട് റെക്കോര്‍ഡുകള്‍
തിരുവനന്തപുരം: 61ാം സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റിന് അനന്തപുരിയില്‍ കൊടിയിറങ്ങുമ്പോള്‍ മൂന്ന് ദിവസങ്ങളിലായി ഇരുപതോളം സംസ്ഥാന റെക്കോര്‍ഡുകളാണ് പഴങ്കഥകളായത്. ഇന്നലെ മാത്രം എട്ട് പുതിയ റെക്കോര്‍ഡുകള്‍ പിറന്നു.
18 വയസിനുതാഴെയുള്ള പെണ്‍കുട്ടികളുടെ ഹൈ ജംപില്‍ കോട്ടയത്തിന്റെ ലിബിയ ഷാജി സ്ഥാപിച്ച നാല് വര്‍ഷം പഴക്കമുള്ള 1.68 എന്ന ദൂരം എറണാകുളത്തിന്റെ ഗായത്രി ശിവകുമാര്‍ 1.71 ആക്കി തിരുത്തി. ജൂനിയര്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കൊല്ലത്തിന്റെ പി.ഒ സയന, പാലക്കാടിന്റെ വി.വി ജിഷയുടെ 1:26 മിനുട്ട് സമയം 1:10 മിനുട്ട് ആക്കി പുതുക്കി.
14 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ ഹൈ ജംപില്‍ പത്തനംതിട്ടയുടെ ബി ഭരത്രാജ് പുതിയ ഉയരം കണ്ടെത്തി. ആറ് വര്‍ഷം മുമ്പ് പാലക്കാടിന്റെ കെ ഷംനാസ് സ്ഥാപിച്ച 1.75 മീറ്ററാണ് ഭരത്രാജ് 1.76 ആക്കി മാറ്റിയെഴുതിയത്. 16 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മലപ്പുറത്തിന്റെ മുഹമ്മദ് ജാബിര്‍ പുതിയ റെക്കോര്‍ഡിട്ടു.
2015ല്‍ എറണാകുളത്തിന്റെ അഭിഷേക് മാത്യു സ്ഥാപിച്ച 1:59 മിനുട്ട് ജാബിര്‍ 1:58 മിനുട്ട് ആക്കി തിരുത്തി. 18 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ എറണാകുളത്തിന്റെ ജോസഫ് ജോയുടെ 22:10 സെക്കന്‍ഡ് എന്ന റെക്കോര്‍ഡ് എറണാകുളത്തിന്റെ തന്നെ ടി.വി അഖില്‍ തിരുത്തി. ജോസഫ് ജോയേക്കാളും രണ്ട് സെക്കന്‍ഡ് മുന്‍പ് അഖില്‍ ഫിനിഷ് ചെയ്തു.
18 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഡക്കാത്‌ലണില്‍ 6013 പോയിന്റോടെ തിരുവനന്തപുരത്തിന്റെ കെ.ആര്‍ ഗോകുല്‍ പുതിയ റെര്‍്രേഡിനുടമയായി.
രണ്ട് വര്‍ഷം മുന്‍പ് കൊല്ലത്തിന്റെ ഫഹദ് കരീം നേടിയ റെക്കോര്‍ഡ് ആണ് (5583 പോയിന്റ്) പഴങ്കഥയായത്. ജൂനിയര്‍ പുരുഷന്‍മാരുടെ 5000 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ അഭിനന്ദ് സുന്ദരേശന്‍ 15:10 മിനുട്ടിന്റെ പുതിയ വേഗം കുറിച്ചു. ഒന്‍പത് വര്‍ഷം മുന്‍പ് വയനാടിന്റെ ആര്‍ രാജേഷ് സ്ഥാപിച്ച 15:13 മിനുട്ടിന്റെ വേഗമാണ് അഭിനന്ദ് തിരുത്തിയത്. ജൂനിയര്‍ പുരുഷന്‍മാരുടെ 4-400 മീറ്റര്‍ റിലേയില്‍ 17 വര്‍ഷം പഴക്കമുള്ള എറണാകുളത്തിന്റെ റെക്കോര്‍ഡ് തിരുവനന്തപുരം തിരുത്തി. എറണാകുളം ടീം സ്ഥാപിച്ച 3:20 മിനുട്ട് എന്ന വേഗം തിരുവനന്തപുരം ടീം 3:19 മിനുട്ട് ആക്കി തിരുത്തി. അതേസമയം 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ പാലക്കാടിന്റെ അര്‍ച്ചന ഗുപ്ത 1995ല്‍ സ്ഥാപിച്ച 25:20 സെക്കന്‍ഡിന്റെ വേഗം 22ാം വര്‍ഷവും ആരും മറികടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."