പൂച്ചാക്കല്‍ പഴയ പാലം നിര്‍മാണം അവസാന ഘട്ടത്തില്‍
പൂച്ചാക്കല്‍: പൂച്ചാക്കല്‍ പഴയപാലം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എ.എം.ആരീഫ് എം.എല്‍.എ.സ്ഥലം സന്ദര്‍ശിച്ചു. പാലത്തിന്റെ എണ്‍പത് ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായിരിക്കുകയാണ്.
ഇപ്പോള്‍ അപ്രോച്ച് റോഡുകളുടെയും ഓടകളുടെയും നിര്‍മ്മാണമാണ് നടക്കുന്നത്. സമീപ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സൗകര്യ പ്രദമായ രീതിയില്‍ ബന്ധപ്പെട്ട അധികൃതരുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
96 ലക്ഷം രൂപ മുടക്കിയുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. മറ്റൊരു പാലം പൊളിച്ചപ്പോള്‍ കിട്ടിയ ഇരുമ്പു തകിടിലാണ് കഴിഞ്ഞ 24 വര്‍ഷമായി ഈ പാലം നിലനിന്നിരുന്നത്. തകിട് തുരുമ്പെടുത്ത് ദ്രവിക്കുകയും പാലത്തിന്റെ കൈവരികള്‍ തകരുകയും ചെയ്തതോടെയാണ് പാലം പുനര്‍നിര്‍മാണത്തിനുള്ള തീരുമാനമായത്. എ.എം.ആരിഫ് എം.എല്‍.എ.യുടെ ശ്രമഫലമായാണ് പഴയപാലം പുനര്‍നിര്‍മാണത്തിന് ഫണ്ടനുവദിച്ചത്. ആറര മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്.
ഇത് നിലവിലെ പാലത്തിന്റെ വീതിയുടെ ഏകദേശം ഇരട്ടിയോളം വരും. നീളം 14 മീറ്ററാണ്. തോടിന്റെ ഇരുവശവും ബണ്ടുകെട്ടി അതിനുള്ളിലെ വെള്ളം വറ്റിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഒന്നര മാസത്തിനുള്ളില്‍ പാലം തുറന്നുകൊടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."