പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാനൊരുങ്ങി ചൈന
ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ കാര്‍ ഉല്‍പ്പാദക രാഷ്ട്രമായ ചൈനയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുന്നു. പെട്രോള്‍, ഡീസല്‍ കാറുകളുടെ ഉല്‍പ്പാദനവും വില്‍പ്പനയും നിര്‍ത്തിവെക്കാനാണ് ചൈനയുടെ തീരുമാനം. നിയമം പ്രാബല്യത്തില്‍ വരുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതായി ചൈനീസ് വ്യവസായ മന്ത്രി അറിയിച്ചു. അതേസമയം നിര്‍ബന്ധിത നിരോധനം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മലിനീകരണം നിയന്ത്രിക്കുന്നതിനും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറക്കുന്നതിനുമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുമെന്ന് ഫ്രാന്‍സ്, ബ്രിട്ടന്‍ മുതലായ രാജ്യങ്ങള്‍ അറിയിച്ചിരുന്നു. 2040 ഓടെ ഇത് പ്രാബല്യത്തിലെത്തിക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. എന്നാല്‍ അതിനും മുന്‍പേ തീരുമാനം നടപ്പിലാക്കാനൊരുങ്ങുകയാണ് ചൈന.
കഴിഞ്ഞ വര്‍ഷം 28 മില്യണ്‍ കാറുകളാണ് ചൈന ഉത്പാദിപ്പിച്ചത്. ലോകത്തെ ആകെ ഉല്‍പ്പാദനത്തിന്റെ മൂന്നിലൊന്നാണിത്. 2019 മുതല്‍ ഇലക്ട്രിക് മോട്ടോര്‍ കാറുകളുടെ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് ചൈനീസ് കമ്പനിയായ വോള്‍വോ കഴിഞ്ഞ ജൂലൈയില്‍ അറിയിച്ചിരുന്നു. ഇത്തരം കാറുകള്‍ 2025 മുതല്‍ വില്‍പ്പന നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തലത്തില്‍ വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന റെനോ-നിസാന്‍, ഫോര്‍ഡ്, ജനറല്‍ മോട്ടോര്‍സ് എന്നിവയും ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനം ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."