റോഡുകള്‍ എല്ലാം തോടായി; കണ്ണടച്ച് അധികാരികള്‍
കിഴക്കമ്പലത്ത് ഏതുവഴിയിലൂടെ പോയാലും നടുവൊടിക്കുന്ന കുഴികള്‍
പള്ളിക്കര: കിഴക്കമ്പലത്തിലൂടെ ഏതുവഴിയിലൂടെ പോയാലും നടുവൊടിയുന്ന കുഴികള്‍ മാത്രം. പൊതുമരാമത്തിന്റെ കീഴിലുള്ള എല്ലാ റോഡുകളിലൂടെയുള്ള യാത്രയും ദുരിതയാത്രയാണ്.
കിഴക്കമ്പലം കല ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിക്കു മുന്നിലും, ബസ് സ്റ്റാന്‍ഡിനു സമീപവും, കിഴക്കമ്പലം ജംക്ഷനിലും വാഹനം ഒന്നു കടക്കണമെങ്കില്‍ വലിയ കുഴികള്‍ താണ്ടേണ്ട അവസ്ഥയാണ്. ഇരുചക്ര വാഹന യാത്രികരാണ് ഏറെ കഷ്ടപ്പെടുന്നത്. ചെളി തെറിക്കാതെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയുമാണ്.
അതേ സമയം കിഴക്കമ്പലത്തെ പ്രധാന റോഡ് തകര്‍ന്നതിനു ശേഷം ഭൂരിഭാഗം യാത്രക്കാരുടെയും യാത്ര ഒളിമ്പ്യന്‍ ഗ്രീജേഷിന്റെ പേരിലുളളകിഴക്കമ്പലം ബൈപാസ് റോഡിലൂടെയായിരുന്നു. കിഴക്കമ്പലത്തെ ഏറ്റവും നല്ല റോഡായിരുന്ന വഴിയാണ് ഇപ്പോള്‍ സഞ്ചരിക്കാന്‍ കഴിയാത്ത നിലയിലേക്കു മാറിയത്.
കഴിഞ്ഞ ദിവസം ബൈപാസ് റോഡിലെ വലിയ കുഴിയില്‍ പ്ലൈവുഡുമായി പോയ ലോറിയുടെ അടിഭാഗം തട്ടിയതിനാല്‍ ലോറി മറിയുകയുണ്ടായി.
ഭാരം കൂടുതല്‍ ആയിരുന്നതിനാല്‍ പെട്ടെന്ന് ഡ്രൈവര്‍ക്ക് വാഹനം നിയന്ത്രിക്കാനായില്ല. പിന്നീട് ജെ.സി.ബി ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തിയത്.
ഒന്നര വര്‍ഷം മുന്‍പാണ് പൊയ്യക്കുന്നം ശുദ്ധജല പദ്ധതിയുമായി ബന്ധപ്പെട്ട് കിഴക്കമ്പലം മുതല്‍ പെരിങ്ങാല പാടത്തിക്കര വരെയുള്ള റോഡ് വെട്ടിപ്പൊളിച്ചത്. എന്നാല്‍ പിന്നീട് വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്തും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് റോഡ് റീടാറിങ് നീണ്ടുപോവുകയായിരുന്നു. കിഴക്കമ്പലം എരുമേലി ബൈപാസ് റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമായിട്ടും ബന്ധപ്പെട്ട അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല.
വാച്ചേരിപ്പാറ മുതല്‍ പെരിങ്ങാല വരെയുള്ള റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളും തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."