ധോണി വെള്ളച്ചാട്ടത്തിന് പ്രിയമേറുന്നു
ഒലവക്കോട്: സന്ദര്‍ശകര്‍ക്ക് നവ്യാനുഭൂതിയൊരുക്കുന്ന ധോണി വെള്ളച്ചാട്ടത്തിന് പ്രിയമേറുന്നു. അപകടങ്ങള്‍ ഉണ്ടാവാതിരിക്കാനായി സുരക്ഷയും വിനോദസഞ്ചാര സാധ്യതകളും മുന്‍ നിര്‍ത്തി ഒലവക്കോട് റെയ്ഞ്ചിനു കീഴില്‍ വരുന്ന ധോണി വെള്ളച്ചാട്ടത്തിന്റെ സന്ദര്‍ശനസമയം അടുത്തകാലത്തായി ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 9.30, 11.30, 2 മണി എന്നിങ്ങനെയാണ് പുതിയ സന്ദര്‍ശന സമയം. നേരത്തെ സന്ദര്‍ശകര്‍ക്കൊപ്പം ഒരു വഴികാട്ടി മാത്രമാണുണ്ടാവുകയെന്നിരിക്കെ രാവിലെ ഒന്‍പതരക്ക് സംഘത്തോടൊപ്പം ഗൈഡ് വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയാല്‍ അവര്‍ തിരിച്ചുവരും വരെ മറ്റുള്ളവര്‍ക്ക് ഗൈഡിന്റെ സേവനം ലഭിക്കില്ല. ഇവടെ വനപ്രദേശമായതിനാല്‍ സന്ദര്‍ശകര്‍ക്ക് വഴിയറിയാതെ കുഴങ്ങാനുള്ള സാധ്യതയും ഏറെയാണ്.
പ്രദേശത്ത് ആനകളുടെ ശല്യവും മദ്യപരുടെയും ശല്യം കണക്കിലെടുത്താണ് പുതിയ സമയ ക്രമീകരണം നടത്തിയത്. മൂന്നു സമയങ്ങളിലും ഓരോ ഗൈഡ് വീതം സന്ദര്‍ശക സംഘങ്ങള്‍ക്കൊപ്പം ഇനിയുണ്ടാവുമെന്നതിനാല്‍ വെള്ളച്ചാട്ടം കാണാനെത്തുന്നവര്‍ക്ക് ഏറെ സഹായകമാവും. ആഘോഷവേളകളിലും അവധി ദിനങ്ങളിലുമൊക്കെ വെള്ളച്ചാട്ടം കാണാനായി മുന്നുറോളം സന്ദര്‍ശകരാണ് എത്തുമെങ്കിലും സാധാരണ ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്.
കൂടുതല്‍ ഗൈഡുകളുടെ സേവനവും പുതിയി സമയക്രമീകരണവും വിനോദ സഞ്ചാര സാധ്യത വിപുലീകരിക്കുമെന്ന പ്രതീക്ഷയിലാണ്. പാലക്കാട് നഗരത്തില്‍ നിന്നും 15 കിലോമീറ്ററും ഒലവക്കോട് നിന്നും ഒന്‍പതു കിലോമീറ്ററും ആണ് ധോണിയിലേക്കുള്ള ദൂരം. പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ താണാവ് ജങ്ഷനില്‍ നിന്ന് തിരിഞ്ഞു വേണം ധോണിയിലേക്ക് പോകാന്‍.
പാലക്കാട് നിന്നും റെയില്‍വെ കോളനി വഴി ധോണിയിലേക്ക് ബസ് സര്‍വീസുമുണ്ട്. 100 രൂപയാണ് ധോണി വെള്ളച്ചാട്ടത്തിന് സന്ദര്‍ശക ഫീസായി ഈടാക്കുന്നത്. ടിക്കറ്റെടുത്ത ശേഷം നാലു കിലോമീറ്റര്‍ സംരക്ഷിതവനമേഖലക്കുള്ളിലൂടെ നടന്നു വേണം ധോണി വെള്ളച്ചാട്ടത്തിനടുത്തെത്താന്‍. വെള്ളം വീഴുന്നിടത്ത് ആഴം കൂടുതലായതിനാല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനും സന്ദര്‍ശകര്‍ക്ക് നിരോധനമുണ്ട്. വേനല്‍ക്കാലത്ത് മേഖലയില്‍ തീപിടുത്ത സാധ്യതയുള്ളതിനാല്‍ ഫെബ്രവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രദേശത്തേക്ക് സന്ദര്‍ശനം നിരോധിച്ചിട്ടുണ്ട്. മലമ്പുഴ, നെല്ലിയാമ്പതി, കാഞ്ഞിരപ്പുഴ പോലെ തന്നെ സന്ദര്‍ശകരില്‍ വെള്ളച്ചാട്ടം കൊണ്ട് ദൃശ്യ ചാരുതയൊരുക്കുന്ന ധോണി വെള്ളച്ചാട്ടവും ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."