ഉപരോധത്തില്‍ മുട്ടുമടക്കില്ല: ഉ. കൊറിയ ആയുധശേഷി വര്‍ധിപ്പിക്കുന്നു
സിയൂള്‍: യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഉപരോധത്തിന് പിന്നാലെ ആയുധശേഷി വര്‍ധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. യു.എന്നിന്റെ ഉപരോധങ്ങള്‍ക്ക് തങ്ങളെ ഒന്നും ചെയ്യാനാവില്ലെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ പറഞ്ഞു. യു.എന്നിന്റെ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത് അമേരിക്കയാണ്. രാജ്യത്തെ ഭരണകൂടത്തെയും ജനങ്ങളെയും ഉപരോധത്താല്‍ ശ്വാസം മുട്ടിക്കാനാണ് യു.എസിന്റെ ശ്രമം.
രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് മിസൈല്‍ പരീക്ഷണം നടത്തുന്നത്. എന്നാല്‍ ഉപരോധം ദുഷ്ടലാക്കോടെയുള്ളതാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. ഈ സാഹചര്യത്തില്‍ ആയുധശേഷി വര്‍ധിപ്പിക്കാന്‍ രാജ്യം സന്നദ്ധരായിരിക്കുകയാണ്. കൂടുതല്‍ പരീക്ഷണം ഉടനുണ്ടാകുമെന്നും റി യോങ് ഹോ വ്യക്തമാക്കി.
പ്രസ്താവനയെ ദക്ഷിണകൊറിയ അപലപിച്ചു. യു.എന്നിന്റെ ഉപരോധത്തെ നിസാരമായിട്ടാണ് അവര്‍ കാണുന്നതെന്ന് ദക്ഷിണകൊറിയന്‍ വിദേശകാര്യമന്ത്രാലയ വക്താവ് സൂചിപ്പിച്ചു. കൂടുതല്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാനാണ് ഉത്തരകൊറിയന്‍ ഭരണാധികാരം കിം ജോങ് ഉന്‍ ആയുധവികസന വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുതുതായി പരീക്ഷിച്ച മിസൈലില്‍ ഹൈഡ്രജന്‍ ബോംബുണ്ടായിരുന്നുവെന്നാണ് ഉ.കൊറിയയുടെ വാദം. ഇതിന് ഹിരോഷിമയില്‍ പ്രയോഗിച്ച അണുബോംബിനേക്കാള്‍ പതിന്മടങ്ങ് ശേഷിയുണ്ടെന്നും സൂചനയുണ്ട്.
അതേസമയം യു.എന്‍ യോഗത്തില്‍ ചൈനയുടെയും റഷ്യയുടെയും നിലപാട് ഉ.കൊറിയക്ക് അനുകൂലമായിരുന്നു. ഉ.കൊറിയയിലേക്കുള്ള എണ്ണ കയറ്റുമതിയെ തുടര്‍ന്നാണ് ചൈന പൂര്‍ണമായ ഉപരോധത്തിന് അനുകൂലമായി വോട്ടുചെയ്യാതിരുന്നത്. ചൈനയിലെ എണ്ണ കയറ്റുമതിയില്‍ വലിയൊരു പങ്കും ഉ. കൊറിയയിലേക്കാണ്. ഇരുവരും തമ്മില്‍ മികച്ച ബന്ധത്തിലുമാണ്. ചൈന മേഖലയില്‍ വാണിജ്യബന്ധങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉ. കൊറിയയെ പിന്തുണക്കുന്നത്. റഷ്യയും ഉ.കൊറിയക്കെതിരേയുള്ള പൂര്‍ണ ഉപരോധത്തെ പിന്തുണച്ചിരുന്നില്ല. മേഖലയില്‍ യു.എസ് കൂടുതല്‍ ആധിപത്യം സ്ഥാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് റഷ്യയുടെ നീക്കം. ഇരുവരുടെയും നിലപാടുകള്‍ കിം ജോങ് ഉന്നിന് ഗുണം ചെയ്യുമെന്നാണ് യു.എസിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."