സഊദി സന്ദര്‍ശക വിസ കീശ ചോര്‍ത്തും; കുടുംബത്തെ കൊണ്ടുവരാനിരുന്നവര്‍ക്ക് ഇരുട്ടടി
റിയാദ്: സഊദിയിലേക്കുള്ള വിസക്ക് സര്‍ക്കാര്‍ നിരക്കു വര്‍ധിപ്പിച്ചത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് വിദേശികള്‍ക്ക് ഇരുട്ടടിയായി. പുതിയ വിസക്ക് 2,000 സഊദി റിയാല്‍ നല്‍കണമെന്ന വ്യവസ്ഥ വിദേശികള്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരിക്കും. ഫാമിലി വിസ, കുടുംബ സന്ദര്‍ശക വിസ, ബിസിനസ് വിസ, തൊഴില്‍ വിസ, ഗാര്‍ഹിക തൊഴില്‍വിസകള്‍, ഹജ്ജ് , ഉംറ വിസ തുടങ്ങിയവക്കെല്ലാം അടുത്ത ഹിജ്‌റ വര്‍ഷാരംഭത്തോടെ(ഒക്ടോബര്‍ 2) പുതിയ നിയമം ബാധകമാണ്.
സഊദി മന്ത്രിസഭയുടെ തീരുമാനപ്രകാരം രാജ്യത്തേക്കുള്ള ഏതുതരം വിസക്കും 2000റിയാല്‍ ബാധകമായിരിക്കും. എന്നാല്‍ ഹജ്ജ്, ഉംറ വിസകളില്‍ ആദ്യതവണ ഇത് ഒഴിവാക്കിയിട്ടുണ്ട്.
വ്യക്തികളുടെ പാസ്‌പോര്‍ട്ടിലാണ് കോണ്‍സുലേറ്റും എംബസിയും വിസ എന്‍ട്രി ചെയ്യുന്നത്. മന്ത്രിസഭാ തീരുമാനപ്രകാരം ഇത്തരത്തില്‍ എന്‍ട്രി വിസകള്‍ പതിക്കുമ്പോള്‍ പാസ്‌പോര്‍ട്ട് ഒന്നിന് 2,000 (35,000 രൂപ) റിയാല്‍ നല്‍കേണ്ടി വരും. പുതിയ നിയമം സഊദിയിലേക്ക് തങ്ങളുടെ ആശ്രിതരെ സന്ദര്‍ശകവിസയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തെ സന്ദര്‍ശനത്തിനായി കൊണ്ടുവരുമ്പോള്‍ 6,000 റിയാല്‍ (1,10,000 രൂപ) വിസ സ്റ്റാമ്പിങ്ങിനു മാത്രം നല്‍കേണ്ടി വരും. പിന്നെ താമസസൗകര്യവും വിമാനടിക്കറ്റും കണക്കാക്കിയാല്‍ ഇത് വന്‍ ബാധ്യതയാണ് വരുത്തിവയ്ക്കുക. ഇത്തരം യാത്രകള്‍ ഇനി സ്വപ്നം മാത്രമായി മാറാനാണ് സാധ്യത.
നിലവില്‍ തൊഴില്‍ വിസ , ഫാമിലി വിസ എന്നിവ സ്റ്റാമ്പ് ചെയ്യാന്‍ ഏകദേശം 8,000 രൂപയും കുടുംബ സന്ദര്‍ശനവിസക്ക് 5,000 രൂപയുമാണ് ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കുന്നത്. പുതിയ നിയമം മൂലം 35,000 രൂപ കൂടി അധികം നല്‍കേണ്ടി വരും.
ഭാര്യയെയും ചെറിയ കുട്ടികളെയും ഇവിടെ നിര്‍ത്തി വലിയ കുട്ടികളെ വിദ്യാഭ്യാസത്തിനായി നാട്ടില്‍ താമസിപ്പിക്കുന്നവരുണ്ട്. ഇത്തരക്കാര്‍ നാട്ടിലുള്ള കുട്ടികളെ ഇടയ്ക്കിടെ വിസിറ്റിങ് വിസയില്‍ എത്തിക്കുന്നതും വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുക. മാതാപിതാക്കളെ വിസിറ്റ് വിസയില്‍ കൊണ്ടുവന്ന് കൂടെ താമസിപ്പിക്കുന്നതും നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലാണ്.
വിസ സ്റ്റാമ്പിങ് നിരക്ക് ഗണ്യമായി കൂടുന്നതിനാല്‍ കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് അവരുടെ കുടുംബത്തെ ഒരിക്കലെങ്കിലും സഊദിയില്‍ എത്തിക്കുകയെന്ന ആഗ്രഹം സഫലമാകാതെ പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."