കേരളത്തിന്റെ ആരോഗ്യ മേഖല സമഗ്രമായ മാറ്റത്തില്‍: മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിലൂടെ കേരളത്തിന്റെ ആരോഗ്യ മേഖല സമഗ്രമായ മാറ്റത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമായ എച്ച്.എല്‍.എല്‍, ഹിന്ദ്‌ലാബ്‌സ്, എം.ആര്‍.ഐ, സി.ടി സ്‌കാനിങ് സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാനവും സാങ്കേതികവുമായ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് ആരോഗ്യ മേഖലയില്‍ നടന്നു വരുന്നത്. രോഗീ സൗഹൃദ അന്തരീക്ഷങ്ങള്‍ ആശുപത്രിയിലൊരുക്കിവരുന്നതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് ചെമ്മരുതിയില്‍ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തതിന് ശേഷം കണ്ണൂരില്‍ രണ്ടും തിരുവനന്തപുരത്ത് മൂന്നും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി.
ഇതോടൊപ്പം മറ്റ് ജില്ലകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അങ്ങനെ ഈ വര്‍ഷം ലക്ഷ്യമിട്ട 120 കേന്ദ്രങ്ങളില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. രോഗങ്ങള്‍ പ്രാഥമിക തലത്തില്‍ തന്നെ കണ്ടു പിടിക്കുന്നതിനും നേരിട്ട് രോഗപ്രതിരോധത്തിനും വേണ്ടിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.
650 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു കൊണ്ടാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയത്. പോരായ്മകള്‍ പരിഹരിച്ച് വരുമ്പോള്‍ ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു കുടുംബാരോഗ്യ സംവിധാനം വാര്‍ത്തെടുക്കാന്‍ കഴിയും. ദ്വിതീയ തലത്തില്‍ താലൂക്ക് ആശുപത്രികളെ ശക്തിപ്പെടുത്താന്‍ ആവശ്യമായ 680 തസ്തികകള്‍ സൃഷ്ടിക്കുന്നത് അടുത്ത മന്ത്രി സഭ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം മെഡിക്കല്‍ കോളജുകളേയും ശക്തിപ്പെടുത്തും.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും സാമ്പത്തികശേഷിയുള്ളവരും ആശുപത്രികളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. അതുപോലെയാണ് പൊതുമേഖല സ്ഥാപനമായ എച്ച്.എല്‍.എല്‍, എസ്.എ.ടി ആശുപത്രിയില്‍ എം.ആര്‍.ഐ,സി.ടി സ്‌കാന്‍ സംവിധാനം സ്ഥാപിച്ചത്. ഈ സംവിധാനം പാവപ്പെട്ട രോഗികള്‍ക്ക് സഹായകമായ രീതിയിലായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന്റെ ലാഭം ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന് മന്ത്രി എച്ച്.എല്‍.എല്‍ പ്രതിനിധികളോട് അഭ്യര്‍ഥിച്ചു.
ഇനിയും കൂടുതല്‍ എം.ആര്‍.ഐ, സി.ടി സ്‌കാനിങുകള്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുവരുമെന്നും മന്ത്രി ഉറപ്പു നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സമഗ്ര പുരോഗതിയുടെ പാതയിലാണ്. ഒ.പി നവീകരണത്തിന്റെയും പുതിയ അത്യാഹിത വിഭാഗത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇതോടൊപ്പം വിവിധ ഐ.സി.യുകള്‍ ഉള്‍ക്കൊള്ളുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കും പ്രവര്‍ത്തനസജ്ജമാകും. 400 കോടിരൂപയുടെ മാസ്റ്റര്‍ പ്ലാനും നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ടീം വര്‍ക്ക് മികച്ചതാണ്. ഡോക്ടര്‍മാര്‍ അവരുടെ ഡ്യൂട്ടിക്കിടയിലാണ് ഇതിനൊക്കെ സമയം കണ്ടെത്തുന്നത് എന്നത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ആര്‍.പി കണ്ടല്‍വാള്‍ അധ്യക്ഷനായി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ. എ. റംലാ ബീവി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ്, റേഡിയോളജി വിഭാഗം മേധാവി ഡോ. എന്‍. റോയ്, എസ്.എ.ടി ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. വി.ആര്‍ നന്ദിനി, എച്ച്.എല്‍.എല്‍ ഡയരക്ടര്‍ ഇ.എ സുബ്രഹ്മണ്യം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."