പെണ്‍കുട്ടികളെ കമന്റടിച്ചത് ചോദ്യം ചെയ്ത യുവാക്കളെ ഒരു സംഘം മര്‍ദിച്ച് അവശരാക്കി
തൊടുപുഴ: പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്യുകയും അശ്ലീല കമന്റടിക്കുകയും ചെയ്തത് ചോദ്യം ചെയ്ത മൂന്ന് യുവാക്കളെ പച്ചക്കറി കട നടത്തുന്ന ഒരു സംഘം മര്‍ദിച്ച് അവശരാക്കി.
സംഭവത്തില്‍ രണ്ട് പേര്‍ പൊലിസ് പിടിയിലായി. കുമ്മംകല്ലില്‍ വാടകയ്ക്ക് താമസിക്കുന്ന വണ്ണപ്പുറം വടക്കേചിറ വീട്ടില്‍ ഫൈസല്‍ (25), തൊടുപുഴയില്‍ ലോഡ്ജില്‍ താമസിക്കുന്ന കാസര്‍ഗോഡ് തെങ്ങുംതോട്ടത്തില്‍ ഷിജോ (28) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ തൊടുപുഴ നഗര മദ്ധ്യത്തിലാണ് സംഭവം.
തൊടുപുഴ പുളിമൂട്ടില്‍ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഇമേജ് എന്ന സ്ഥാപനത്തില്‍ ഫാഷന്‍ ടെക്‌നോളജി പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ സമീപത്തെ പച്ചക്കറി കടയിലുള്ളവര്‍ ശല്യംപ്പെടുത്തുന്നത് സ്ഥിരം സംഭവമായിരുന്നെന്ന് കരിങ്കുന്നം സ്വദേശികളായ പെണ്‍കുട്ടികള്‍ പറയുന്നു. പേടിച്ചിട്ട് പ്രതികരിക്കാറില്ലായിരുന്നു.
ഇന്നലെ വൈകിട്ട് ക്ലാസ് കഴിഞ്ഞ് പച്ചക്കറി കടയ്ക്ക് മുന്നിലൂടെ നടന്നുപോകുന്ന വഴി പതിവുപോലെ ഇവരെ കമന്റടിച്ചു. കൂടെ പഠിക്കുന്ന ആണ്‍കുട്ടികളിലൊരാള്‍ ഇത് കണ്ട് കടയിലേക്ക് നോക്കി.
ഈ സമയം കടയിലുണ്ടായിരുന്ന പ്രതികള്‍ യുവാവിനെ വലിച്ചിഴച്ച് കടയിലേക്ക് കയറ്റി മര്‍ദ്ദിക്കുകയായിരുന്നു. ചവിട്ടി നിലത്തിട്ട ശേഷം ബാസ്‌കറ്റ് ഉപയോഗിച്ച് തലയിലും മുഖത്തും മര്‍ദിച്ചു.
ഇതിന് ശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ കടയുടമ റിയാസ് ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികളായ വിഷ്ണു, മിനോ, ടിനു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ ഇവരെ തൊടുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."