രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി: ആര്‍.സി.സിയില്‍ പൊലിസ് പരിശോധന നടത്തി
തിരുവനന്തപുരം: ആര്‍.സി.സിയില്‍ രക്തം സ്വീകരിച്ച ഒന്‍പതു വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ സെന്ററില്‍ പരിശോധന നടത്തി.
അര്‍ബുദ ബാധയെത്തുടര്‍ന്ന് ആര്‍.സി.സിയില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ രക്തം സ്വീകരിച്ചതിന് ശേഷമാണ് കുട്ടിക്ക് എച്ച്.ഐ.വി ബാധയുണ്ടായതെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
ഇവിടെ നിന്ന് ചികിത്സിച്ചതിന്റെയും രക്തം സ്വീകരിച്ചതുമായി ബന്ധപ്പെട്ട രേഖകളും പൊലിസ് പരിശോധിച്ചു. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടിയുടെ തുടര്‍ ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പിഴവല്ല സംഭവത്തിന് കാരണമെന്ന് ആര്‍.സി.സി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം കുറ്റക്കാരായ ആശുപത്രി ജീവനക്കാരുടെ പേരില്‍ അടിയന്തരമായി കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.
കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടറും ആരോഗ്യവകുപ്പ് സെക്രട്ടറിയും മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണം.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ആര്‍.സി.സി ഡയറക്ടര്‍, സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവരോട് റിപ്പോര്‍ട്ട് നല്‍കാനും ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."