സൈക്കിള്‍ പോളോ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കേരളവും
കൊച്ചി : സൈക്കിള്‍ പോളോ ഫെഡറേഷന് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രഥമ സൈക്കിള്‍ പോളോ ദേശീയ പ്രീമിയര്‍ ലീഗ് അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കും. അഞ്ച് ടീമുകളെ ഉള്‍പ്പെടുത്തി നടത്തുന്ന ലീഗില്‍ കേരളത്തിന്റെ പ്രാതിനിധ്യവും ഉണ്ടാകുമെന്ന് സി.പി.എഫ്.ഐ പ്രസിഡന്റ് രഘുവേന്ദ്ര സിങ് ഡണ്ട്ലോഡ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡല്‍ഹി, രാജസ്ഥാന്, മുംബൈ, ബംഗളൂരു എന്നിവയായിരിക്കും മറ്റ് നാല് ടീമുകള്‍. ഐ.പി.എല്‍, ഐ.എസ്.എല്‍ മാതൃകയിലാവും സൈക്കിള്‍ പോളോ ലീഗും. ഒരു ടീമില്‍ കളിക്കാനായി ആകെ എട്ട് താരങ്ങളെ കരാറിലെടുക്കാം. ഇതില്‍ രണ്ട് പേര് വിദേശികളാകണം. കളിക്കളത്തില്‍ ഒരേ സമയത്ത് മൂന്ന് ഇന്ത്യന്‍ താരങ്ങളും ഒരു വിദേശിയും കളിക്കും. ഇംഗ്ലണ്ടിലെ ബ്രാഡ്ഫോഡ് കമ്പനിയുമായി ചേര്‍ന്ന് ഇതിനായുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
സി.പി.എഫ്.ഐ യുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ സൈക്കിള്‍ പോളോ അംപയേഴ്സ് ക്ലിനിക്ക് ഇന്നും നാളെയുമായി കൊച്ചിയില്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 40 ലേറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഫെഡറേഷന് പ്രസിഡന്റ് അറിയിച്ചു. കൊച്ചി ഏലൂര്‍ എച്ച്.ഐ.എല്‍ ക്ലബിലാണ് ക്ലിനിക്ക് സംഘടിപ്പിച്ചിരിക്കുന്നത്. സൈക്കിള്‍ പോളോയില്‍ സമീപ കാലത്ത് ഏറ്റവും മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ് കേരളം.
ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമെന്നും അന്താരാഷ്ട്ര ബൈസിക്കിള്‍ പോളോ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു. ഫെഡറേഷന് ദേശീയ ജനറല്‍ സെക്രട്ടറി ഗജാനന്‍ ബുര്ഡേ, അസി. സെക്രട്ടറി സുനൈ മിശ്ര, സംസ്ഥാന അസോസിയേഷന് സെക്രട്ടറി പി.എം അബൂബക്കര്‍, വൈസ് പ്രസിഡന്റ് ആര് രാമനാഥന് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."