പാഴ്‌വാക്കാകുന്ന മാധ്യമ നൈതികത
ഏതു തൊഴില്‍മേഖലയിലും പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ നൈതികതകളുണ്ട്. പ്രഖ്യാപിതനൈതികത കൊണ്ട് ഉദ്ദേശിക്കുന്നത് പാലിക്കപ്പെടേണ്ടവ എന്നുതന്നെയാണ്. അപ്രഖ്യാപിതനൈതികത ആപേക്ഷികമാണെങ്കിലും അതിലും കീഴ്‌വഴക്കം കാണാവുന്നതാണ്.
ആധുനികയുഗത്തിലേയ്ക്കു മാധ്യമരംഗമെത്തുമ്പോള്‍ ആപേക്ഷികനൈതികത മാത്രം കാണേണ്ടിവരുന്ന അവസ്ഥയാണുള്ളത്. സത്യവും ധര്‍മവുമൊക്കെ മാധ്യമങ്ങള്‍ പാലിക്കപ്പെടുമെന്നാണ് അന്യര്‍ വിശ്വസിക്കുന്നത്. കടന്നുപോയ കാലങ്ങളിലൂടെ ഈ രംഗത്തിനുണ്ടായ അപചയങ്ങള്‍ക്ക് ഈ സമൂഹത്തിനെയും കുറ്റപ്പെടുത്താവുന്നതാണ്. ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ക്കു പിന്നാലെ, വായനക്കാരന്റെയോ ശ്രോതാവിന്റെയോ കാഴ്ചക്കാരന്റെയോ മനോനിലയിലേയ്ക്കു വാര്‍ത്തകളെ കൊണ്ടെത്തിക്കുന്ന അപരിഷ്‌കൃത രീതികള്‍ പുലരുന്നതു ഗുണകരമല്ല.
പത്രപ്രവര്‍ത്തകര്‍ക്ക് എല്ലായ്‌പോഴും സത്യപ്രചാരകരാകാന്‍ സാധിക്കാറില്ല. എന്നാല്‍ വസ്തുതകള്‍ അതേപടി പകര്‍ന്നുനല്‍കേണ്ട ബാധ്യതയാണ് അവരില്‍ നിക്ഷിപ്തമായിരിക്കുന്നത്. കൃത്യതയിലൂന്നി വസ്തുതകള്‍ നിരത്തി സമൂഹത്തെ ബോധ്യപ്പെടുത്തുകയാണു രീതി. അതേസമയം, ഉറപ്പില്ലാത്ത വസ്തുതകള്‍ തുറുന്നുപറയേണ്ടതുണ്ടുതാനും. ഇവിടെ ഉറപ്പുണ്ടെന്ന രീതിയില്‍ അവതരിപ്പിക്കുകയും പിടിക്കപ്പെടുമ്പോള്‍ താളവട്ടം ചവിട്ടുകയും ചെയ്യുന്ന, നൈതികത ലവലേശമില്ലാത്ത പത്രപ്രവര്‍ത്തനം കാണേണ്ടിവരുന്നതു ദുരവസ്ഥയാണ്. മന്ത്രി ശശീന്ദ്രന്റെ ജീവിതത്തിലേക്ക് മഞ്ഞക്കണ്ണട വച്ചുള്ള പത്രപ്രവര്‍ത്തനം ഇത്തരുണത്തില്‍ സ്മരണീയമാണ്.
സ്വതന്ത്രമായിരിക്കണം പത്രപ്രവര്‍ത്തനം. അതിനു പകരം, പക്ഷംപിടിച്ചു പ്രേക്ഷകന്റെ മനസിനെ വ്യാകുലപ്പെടുത്തുന്നതു ഭൂഷണമല്ല. രാഷ്ട്രീയ, ജാതി, മത, വര്‍ഗ, വര്‍ണ, ലിംഗ, സംസ്‌കാര വ്യത്യാസമില്ലാത്ത തുലനമാണു പുലരേണ്ടത്. അതിനാവുന്നില്ലെങ്കില്‍ പ്രേക്ഷകനോട് അതു തുറന്നുസമ്മതിക്കുകയാണു വേണ്ടത്.
സുപ്രഭാതം പത്രത്തെ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍, പുതുവൈപില്‍ എല്‍.പി.ജി ടെര്‍മിനലിനെതിരേ നടന്ന ജനരോഷവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ സമീപിച്ച രീതിയാണ് എടുത്തുപറയാനുള്ളത്. ഈ പദ്ധതിയുടെ സമീപപ്രദേശത്തെ ജനങ്ങളുടെ ആശങ്കകളാണ് അവരെ തെരുവിലിറക്കിയത്. വികസന കാഴ്ചപ്പാടു പറഞ്ഞു മനസിലാക്കി വ്യവസ്ഥാപിതരീതിയിലൂടെ തീര്‍ക്കേണ്ടിയിരുന്ന പ്രശ്‌നം യതീഷ്ചന്ദ്ര എന്ന എസ്.പിയുടെ മുഷ്ടിയുദ്ധത്തിനു വിട്ടുകൊടുത്തതു ജനങ്ങളെ വ്യസനിപ്പിക്കുകയായിരുന്നു അവിടെ.
സുപ്രഭാതം അന്നു പക്ഷംപിടിച്ചു. നടുറോഡില്‍ ചോരചിന്തിയ ജനപക്ഷമായിരുന്നു അത്. കേരളത്തിലെ വാര്‍ത്താമാധ്യമങ്ങള്‍ തൊട്ടടുത്ത ദിവസത്തെ മോദി-പിണറായി മെട്രോ സംരംഭത്തെ വാഴ്ത്തി ഒന്നാംപേജ് നിറച്ചപ്പോള്‍ ചങ്കുറപ്പോടെ കരള്‍ നീറ്റലോടെ പുതുവൈപ്പു നിവാസികളുടെ കണ്ണീര്‍ സുപ്രഭാതം ലീഡ് വാര്‍ത്തയാക്കി സമൂഹത്തിന്റെ മുന്നില്‍ വച്ചു.
ലാഭം കണ്ടാണു സുപ്രഭാതം അങ്ങനെ ചെയ്തതെന്ന് ആര്‍ക്കെങ്കിലും ചൂണ്ടിക്കാട്ടാനാകുമോ. മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രഭാതം ചൂണ്ടിക്കാട്ടിയ വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഇടപെട്ടു പ്ര്ശ്‌നം പരിഹരിക്കുന്നിടത്തേയ്ക്ക് എത്തുന്ന അവസ്ഥയുണ്ടായി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതും സുപ്രഭാതം ഈ സംഭവത്തെ എത്ര ഗൗരവമായി കണ്ടു എന്നു സൂചിപ്പിക്കുന്നു. ഇതുപറയുമ്പോള്‍ ജിഷ സംഭവം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. 2016 ഏപ്രില്‍ 28ന് ജിഷ എന്ന 29കാരിയായ നിയമ വിദ്യാര്‍ഥിനി പെരുമ്പാവൂരിലെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പത്രത്താളുകളിലെ ഒരു കോളത്തിലേക്കോ രണ്ടുകോളത്തിലേക്കോ ചുരുങ്ങിപ്പോകുമായിരുന്ന വാര്‍ത്തയെ സുപ്രഭാതം സമീപിച്ച രീതി വ്യത്യസ്തമായിരുന്നു.
സ്ത്രീസുരക്ഷ എന്നും ചര്‍ച്ചാവിഷയമാകുന്നത് അരക്ഷിതാവസ്ഥ കൊണ്ടാണല്ലോ. ഈ സംഭവത്തെ സുരക്ഷയുമായി കൂട്ടിവായിക്കുമ്പോള്‍ ഗുരുതരമായതെന്തോ സംഭവിച്ചതായി മനസിലാക്കാവുന്നതേയുള്ളൂ. ഈ സംഭവം മലയാള പത്രങ്ങളില്‍ ആദ്യമായി ഒന്നാം പേജില്‍ നല്‍കിയത് സുപ്രഭാതമായിരുന്നു. പൊലിസ് മരണകാരണമറിയാതെ ഇരുട്ടില്‍തപ്പുമ്പോഴും കൊലപാതകമാകാനുള്ള സാധ്യതകളുടെ തെളിവുകള്‍ നിരത്തി പ്രസിദ്ധീകരിച്ചു കോളിളക്കമുണ്ടാക്കിയ കേസിനെ പൊതുജനമധ്യത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് നിശബ്ദ സന്തോഷമായി സുപ്രഭാതം പത്രപ്രവര്‍ത്തക ടീം ഉള്‍ക്കൊണ്ടു.
ജനസേവനത്തിന്റെ മറ്റൊരു മാതൃകയാണിത്. ഉത്തരവാദിത്വബോധമുള്ള പത്രപ്രവര്‍ത്തനം നൈതികതയിലൂന്നിയുള്ളതായിരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. പ്രത്യേകിച്ച്, പത്രപ്രവര്‍ത്തനവും സാഹിത്യവും അഭിപ്രായസ്വാതന്ത്ര്യവും ആധുനിക ഹിറ്റ് ലര്‍മാരുടെയും മുസോളിനിമാരുടെയും മൂക്കിനു കീഴെയാവുമ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."