പ്രിയ ഗുരുവിന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ കൂടലില്‍ പ്രദേശം
തൊട്ടില്‍പ്പാലം: രണ്ടര പതിറ്റാണ്ടോളം കാലം അറിവിന്റെ അക്ഷയഖനി വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കിയ പ്രിയ ഗുരുവര്യന്റെ ആകസ്മിക വിയോഗം വിശ്വസിക്കാനാവാതെ കൂടലില്‍ പ്രദേശം. നരിക്കുനി മേലെപാലങ്ങാട് സ്വദേശിയായ സുബൈര്‍ മൗലവി (57)യുടെ വിയോഗവാര്‍ത്തയാണ് വിശ്വസിക്കാനാവാതെ നാട് കണ്ണീരണിഞ്ഞത്.
അന്യനാട്ടുകാരനായിട്ടും സ്വന്തം നാട്ടുകാരെപോലെ കണ്ട് കൂടലിലെയും പരിസരപ്രദേശങ്ങളിലുമുള്ളവരോട് അടുത്തിടപഴകി വളരെ നല്ല സൗഹൃദം കാത്തു സൂക്ഷിച്ചുപോരുകയും ഒപ്പം നല്ലൊരു ഗുണകാംക്ഷി ആവുകയും ചെയ്ത സുബൈര്‍ മൗലവി കൂടലില്‍ മനാറുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്‌റസയിലെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു. മുന്നിലെത്തുന്ന പിഞ്ചുവിദ്യാര്‍ഥികള്‍ക്ക് വളരെ ലളിതമായും രസകരമായും പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന അവതരണ ശൈലിയായിരുന്നു സുബൈര്‍ മൗലവിയെ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനാക്കി മാറ്റിയത്. നീണ്ട ഇരുപത്തഞ്ചിലേറെ വര്‍ഷം കൂടല്‍ പ്രദേശത്തിന്റെ സ്പന്ദനമറിയും നാടിന്റെ ഒട്ടേറെ സാമൂഹിക സാംസ്‌കാരിക സേവന രംഗങ്ങളില്‍ നാട്ടുകാരില്‍ ഒരുവനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സുബൈര്‍ മൗലവി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പ്രാഥമിക പഠനം പ്രയാസത്തിലായപ്പോള്‍ ഒരു പ്രൈവറ്റ് എല്‍.പി പഠന സൗകര്യം മദ്‌റസയില്‍ തന്നെ ലഭ്യമാക്കിയ സുബൈര്‍ മൗലവിയുടെ പരിശ്രമം നാട്ടുകാര്‍ കണ്ണീരോടെയാണ് ഓര്‍ത്തെടുക്കുന്നത്.
മാത്രമല്ല അത് വലിയ വിജയമാവുകയും ചെയ്തിരുന്നു. ഒരു സമാന്തര സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കാവുന്ന എല്ലാ പഠനസൗകര്യങ്ങളോടും കൂടിയുള്ളതായിരുന്നു പ്രസ്തുത സ്‌കൂള്‍. അവിടെ ഹെഡ്മാസ്റ്റര്‍ പദവി വഹിക്കവെ അറബിക് അധ്യാപകനായും സുബൈര്‍ ജോലി ചെയ്തിരുന്നു.
സജീവ സമസ്ത പ്രവര്‍ത്തകന്‍ കൂടിയായിരുന്ന സുബൈര്‍ മൗലവി കഴിഞ്ഞ നാലുവര്‍ഷം കുറ്റ്യാടി റെയ്ഞ്ച് പരീക്ഷാബോര്‍ഡ് ചെയര്‍മാനായി സേവനം ചെയ്തിരുന്നു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ അദ്ദേഹം ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് മരണപ്പെട്ടത്.
വിയോഗവാര്‍ത്ത അറിഞ്ഞ് ശിഷ്യരും, സുഹൃത്തുക്കളുമായ നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചേര്‍ന്നത്. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാവിലെ 9.30ന് പാലങ്ങാട് ജുമാമസ്ജിദില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."