മാനന്തവാടിയിലെ എഫ്.സി.ഐ ഗോഡൗണ്‍ കെട്ടിടം മാറ്റാന്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തം
മാനന്തവാടി: അനുയോജ്യമെന്ന് കണ്ടെത്തിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മാനന്തവാടി എഫ്.സി.ഐ ഗോഡൗണ്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റാന്‍ സമ്മര്‍ദം ശക്തമാകുന്നു.
രണ്ടു മാസം മുമ്പാണ് സൗകര്യപ്രദമെന്ന് കണ്ടത്തിയ പനമരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ മാനാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണാണ് മാനന്തവാടി നിരവില്‍പുഴ റോഡിനോട് ചേര്‍ന്ന് പിച്ചംങ്കോടുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ അണിയറ നീക്കം നടക്കുന്നത്.
വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയുടെ ജില്ലാ, പ്രാദേശിക നേതാക്കളാണ് ഗോഡൗണ്‍ മാറ്റാന്‍ ശ്രമങ്ങളാരംഭിച്ചത്.
നേരത്തെ ഇവിടെയുണ്ടായിരുന്ന കെട്ടിടത്തില്‍ ഗോഡൗണ്‍ പ്രവര്‍ത്തനം നടത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും കയറ്റിറക്ക് തൊഴിലാളികളുടെ പ്രശ്‌നത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് ഗോഡൗണിന് പാകത്തില്‍ എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടം മാനാഞ്ചിറയില്‍ കണ്ടെത്തുകയും ഇവിടെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തത്.
200 ലോഡ് റേഷന്‍ സാധനങ്ങള്‍ ഇറക്കി വെക്കാനുള്ള സൗകര്യങ്ങളും അഗ്നി പ്രതിരോധ സംവിധാനങ്ങളും നിലവിലെ ഗോഡൗണില്‍ ഒരുക്കിയിട്ടുണ്ട്. പ്രതിമാസം 120 ലോഡാണ് ഗോഡൗണില്‍ എത്തുന്നത്.
പ്രധാന റോഡില്‍ നിന്ന് വിട്ട് മാറിയുള്ളതിനാല്‍ സാധനങ്ങള്‍ കയറ്റിയിറക്കുമ്പോഴുള്ള ഗതാഗത തടസങ്ങളോ വാഹനപാര്‍ക്കിങ് പ്രതിസന്ധിയോ നിലവിലെ ഗോഡൗണിനില്ല.
എന്നാല്‍ പീച്ചംങ്കോടുള്ള പുതിയ കെട്ടിടം മാനന്തവാടി -കുറ്റ്യാടി റോഡിനോട് ചെര്‍ന്നുള്ളതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ട്രക്കുകള്‍ക്ക് തിരിക്കാനും സൗകര്യമില്ലാത്തതാണ്. കൂടാതെ നിലവില്‍ പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ ഗോഡൗണിന്റെ ഉപയോഗത്തിന് സാങ്കേതികമായി അനുയോജ്യമല്ലെന്നും പറയപ്പെടുന്നുണ്ട്. മാത്രമല്ല 40 ലോഡുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം മാത്രമെ ഈ ഗോഡൗണിനുള്ളു. മാനാഞ്ചിറയലേത് ശാസ്ത്രീയമായ രീതിയില്‍ അളവുകള്‍ പാലിച്ച് കൊണ്ടുള്ള കെട്ടിടമാണെന്നും പീച്ചംങ്കോട്ടെ കെട്ടിടം വാണിജ്യാടിസ്ഥാനത്തിലുള്ള കടമുറികളാണെന്നും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന. എന്നാല്‍ കെട്ടിട ഉടമയുടെ സ്വാധീനത്താല്‍ വകുപ്പ് ഭരിക്കുന്ന കക്ഷിയുടെ ജില്ലാ നേതൃത്വം പോലും ഇടപെട്ടാണ് സര്‍ക്കാരിന് നഷ്ടമുണ്ടാകുന്ന തരത്തില്‍ ഗോഡൗണ്‍ മാറ്റാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതെന്നാണ് ആരോപണമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."