ഹൈദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പ്: ദലിത് -ആദിവാസി -മുസ്‌ലിം- ഇടതു സഖ്യം ഒന്നിക്കുന്നു
ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ദലിത്-ആദിവാസി-മുസ്‌ലിം-ഇടതു സഖ്യം ഒരേ പാനലില്‍ ഒന്നിക്കുന്നു. രോഹിത് വെമുലക്കായുള്ള സാമൂഹിക നീതി മുന്നേറ്റത്തില്‍ സാന്നിധ്യമുണ്ടായിരുന്ന പാര്‍ട്ടികളില്‍ എന്‍.എസ്.യു.ഐ ഒഴികെ ഉള്ളവരൊക്കെ ഇത്തവണ ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്. ഡി.എസ്.യു, ടി.എസ്.എഫ്, ടി.വി.വി, എസ്.എഫ്.ഐ എന്നീ സംഘടനകളടങ്ങുന്ന മുന്നണി എ.എസ്.എയും അതിന്റെ പരമ്പരാഗത സഖ്യകക്ഷികളായ എസ്.ഐ.ഒ, എം.എസ്.എഫ് എന്നീ സംഘടനകളും ചേരുന്ന മുന്നണിയോട് ചേര്‍ന്ന് മത്സരിക്കാനാണ് തീരുമാനമായത്.
അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന് പേരിട്ട പൊതുമുന്നണിക്ക് കീഴില്‍ സംഘടനാ നാമങ്ങള്‍ ഉപയോഗിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് സഖ്യധാരണ. സഖ്യം എ.ബി.വി.പിക്ക് ശക്തമായ വെല്ലുവിളി തീര്‍ക്കും എന്നാണ് കരുതപ്പെടുന്നത്. എ.എസ്.എ യും അനുബന്ധ മുസ്‌ലിം സംഘടനകളും കഴിഞ്ഞ വര്‍ഷം മറ്റു സഖ്യങ്ങളില്ലാതെ ഒറ്റക്കെട്ടായി മത്സരിക്കുകയും ഇടതുവലതു പക്ഷങ്ങള്‍ക്ക് ശക്തമായ വെല്ലുവിളി തീര്‍ക്കുകയും ചെയ്തിരുന്നു.
റീജ്യണല്‍ സ്റ്റഡീസില്‍ പി.എച്ച്.ഡി ചെയ്യുന്ന ശ്രീരാഗ് ആണ് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. ശ്രീരാഗ് എറണാകുളം അങ്കമാലി സ്വദേശി ആണ്. രോഹിത് വെമുല മൂവ്‌മെന്റിന്റെ ഭാഗമായി നടന്ന സമരങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്ന ശ്രീരാഗ് സമരത്തിന്റെ ഭാഗമായി ജയില്‍വാസമനുഷ്ടിച്ച വിദ്യാര്‍ത്ഥികളിലൊരാളാണ്.
ആദിവാസി സമുദായത്തെ പ്രതിനിധീകരിക്കുന്ന ട്രൈബല്‍ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് പ്രവര്‍ത്തകന്‍ ലുണാവത് നരേഷ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. എസ്.ഐ.ഒ വിന്റെയും എം.എസ്.എഫിന്റെയും പൊതുധാരണപ്രകാരം എം.എസ്.എഫ് പ്രവര്‍ത്തകനായ മുഹമ്മദ് ആഷിഖ് ആണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
എസ്.എഫ്.ഐ പ്രതിനിധി ആരിഫ് അഹമ്മദ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ദലിത് സ്റ്റുഡന്റ്‌സ് യൂണിയനില്‍ നിന്നുള്ള ലോലം ശ്രാവണ്‍ കൂമാര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി സ്ഥാനത്തേക്കും ഗുണ്ടേട്ടി അഭിഷേക് കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും.
മിക്കവാറും എല്ലാ ദലിത് ബഹുജന്‍ വിഭാഗങ്ങളും ഒരുമിക്കുന്ന ഈ സഖ്യം രോഹിത് മൂവ്‌മെന്റിന്റെ തുടര്‍ച്ച കൂടിയായി കരുതപ്പെടുന്നു. പാനലില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ രണ്ട് പേര്‍ മുസ്‌ലിംകളും മൂന്ന് പേര്‍ ദലിതരും ഒരാള്‍ ആദിവാസി സമുദായാംഗവുമാണ്. എ.ബി.വി.പിക്കെതിരെ പാനലിലെ എല്ലാ സീറ്റിലും ദലിത്,ബഹുജന്‍,മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ മാത്രം മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടക്കാതിരുന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ഇത്തവണ നടക്കുന്നു എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത ആണ്. ഈ മാസം 21 ന് ആണ് ഇലക്ഷന്‍. 22 ന് ഫലപ്രഖ്യാപനം ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."