പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പടെയുള്ള നിരപരാധികളെ പൊലിസ് കസ്റ്റഡിയിലെടുത്തതായി പരാതി
തിരൂര്‍: നഗരസഭയിലെ ഏഴാം വാര്‍ഡായ തുമരക്കാവ് ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള നിരപരാധികളെ പൊലിസ് കസ്റ്റഡിയിലെടുത്തതായി പരാതി. വെള്ളിയാഴ്ച രാത്രിയിലുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് പൊലിസ് കൈയില്‍ കിട്ടിയവരെയെല്ലാം പിടികൂടി പൊലിസ് ബസില്‍ തള്ളിക്കയറ്റി മലപ്പുറത്തേക്ക് കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തി മര്‍ദിച്ചുവെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ചെമ്പ്രയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെയുണ്ടായ ആക്രമസംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകരും ചെമ്പ്രയില്‍ വൈകിട്ടോടെ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ഇരുകൂട്ടരും പ്രകടനവുമായി നേര്‍ക്കുനേര്‍ വന്നതോടെ സംഘര്‍ഷാവസ്ഥയും രൂക്ഷമായി. ഇതേ തുടര്‍ന്ന് പൊലിസ് ശക്തമായി പ്രദേശത്ത് ഇടപെട്ടു.
ഇതിനിടെ പൊലിസിനെതിരേ കല്ലേറുണ്ടായി. കല്ലേറില്‍ തിരൂര്‍ എസ്.ഐ സുമേഷ് സുധാകറിന് പരുക്കേറ്റെന്ന് കാട്ടി അദ്ദേഹത്തെ പൊലിസ് തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് പൊലിസ് പ്രദേശത്തുണ്ടായിരുന്നവരെയെല്ലാം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയത്. പൊലിസ് സി.പി.എം നേതൃത്വത്തിന്റെ രാഷ്ട്രീയ സമ്മര്‍ദത്തിന് അനുസരിച്ച് ഇടപെട്ട് ഏകപക്ഷീയമായി നടപടിയെടുത്തെന്നാണ് ലീഗ് നേതൃത്വത്തിന്റെ ആരോപണം. എന്നാല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് പൊലിസിനെതിരേ കല്ലെറിഞ്ഞതെന്നാണ് സി.പി.എം നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."