ഇറോം ശര്‍മിള മണിപ്പൂരികളെ വഞ്ചിച്ചെന്ന് മാതാവ് സഖീദേവി
ഇംഫാല്‍: മണിപ്പൂര്‍ ജനതയുടെ നെഞ്ചിലെ തീയായിരുന്ന ഇറോം ശര്‍മിള അതേ ജനതയെ വഞ്ചിച്ചുവെന്ന് മാതാവ് സഖീദേവി. 16 വര്‍ഷത്തെ നിരാഹാരസമരം ഫലപ്രാപ്തിയിലെത്തും മുന്‍പേ മുന്നറിയിപ്പൊന്നുമില്ലാതെ അവസാനിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. വീട്ടില്‍ വന്നുകണ്ട മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷം മുന്‍പ് തുടങ്ങിയ സമരം നിര്‍ത്താനുള്ള ഒരു മാറ്റവും മണിപ്പൂരില്‍ ഉണ്ടായിട്ടില്ല. മണിപ്പൂരികളുടെ മൊത്തം വികാരമാണ് അഫ്‌സ്പ പിന്‍വലിക്കുകയെന്നത്.
ഈ വികാരത്തോടൊപ്പം ഉറച്ചുനിന്നുതന്നെയായിരുന്നു ഇറോംശര്‍മിള നിരാഹാര സമരം നടത്തിവന്നത്. എന്നാല്‍ വീട്ടുകാരുമായോ സമരത്തിന്റെ തുടക്കംമുതല്‍ കൂടെയുണ്ടായിരുന്നവരുമായോ, സമരസംഘടനകളുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് ശര്‍മിള സമരം അവസാനിപ്പിച്ചത്. ഇതു വലിയ വഞ്ചനയാണെന്നു ശര്‍മിളയുടെ സഹോദരന്‍ സിങ് അജിത് പറഞ്ഞു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന ശര്‍മിളയുടെ പ്രഖ്യാപനത്തെ ഒരു തരത്തിലും അനുകൂലിക്കാന്‍ നിര്‍വാഹമില്ല. ശര്‍മിള രാഷ്ട്രീയത്തിലിറങ്ങിയാല്‍ കടുത്ത രീതിയില്‍ എതിര്‍ക്കുമെന്നും സിങ് അജിത് വ്യക്തമാക്കി. 2009ലാണ് ഇതിനുമുന്‍പ് സഖീദേവിയും ഇറോംശര്‍മിളയും നേരില്‍ കണ്ടത്. തന്റെ സമരം പൂര്‍ണമായി വിജയം കണ്ടതിനുശേഷമേ ഇനി വീട്ടിലേക്ക് വരൂ എന്ന് അന്നും തന്നോട് ശര്‍മിള ആണയിട്ടിരുന്നു. എന്നാല്‍ ശര്‍മിളയുടെ ഇപ്പോഴത്തെ തീരുമാനങ്ങളും നീക്കങ്ങളും ദുരൂഹമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ഇതിനിടയില്‍ വിഘടനവാദ സംഘടനകളും തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളും ഇറോം ശര്‍മിളക്കെതിരേ നിലപാടെടുക്കുന്നതിനാല്‍ നേരത്തെ സമരത്തിന് കൂടെയുണ്ടായിരുന്നവര്‍ ശര്‍മിളയില്‍ നിന്ന് അകലുന്നതും ശര്‍മിളയുടെ വീട്ടുകാരുടെ നിലപാടും അവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."