സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാഷ്ട്രത്തിന് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്്‌റു തറക്കല്ലിട്ട ഗുജറാത്തിലെ നര്‍മദാ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു.
പ്രധാനമന്ത്രിയുടെ 67ാം ജന്മദിനം കൂടിയായിരുന്നു ഉദ്ഘാടനദിനമായ ഇന്നലെ. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് സര്‍ദാര്‍ സരോവര്‍. ഇത് ലോകത്തെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ രണ്ടാം സ്ഥാനവും അലങ്കരിക്കുന്നുണ്ട്. 138 മീറ്റര്‍ ഉയരമുള്ള അണക്കെട്ടില്‍ 40.73 ലക്ഷം ക്യുബിക് മീറ്റര്‍ സംഭരണശേഷിയുണ്ട്.
സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വിനോദ സഞ്ചാരികള്‍ക്കും വ്യവസായത്തിനും ഏറെ ഉപകാരപ്രദമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ അണക്കെട്ടിനെതിരേ സമരം ചെയ്തവരെ ശക്തമായി വിമര്‍ശിച്ച മോദി, സ്വാതന്ത്ര്യത്തിനായി ബ്രിട്ടനെതിരേ സമരം ചെയ്ത ആദിവാസി-ഗോത്രവിഭാഗങ്ങളുടെ പങ്ക് നിസ്തുലമാണെന്ന് വ്യക്തമാക്കി. ഇവരുടെ ഓര്‍മ നിലനിര്‍ത്തുന്നതിനായി ഡിജിറ്റല്‍ മ്യൂസിയം ആരംഭിക്കുമെന്നും അറിയിച്ചു.
പദ്ധതിയ്ക്കായി കുടിയിറക്കപ്പെട്ട ഗ്രാമവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. വികസന സ്വപ്‌നങ്ങളെ തകര്‍ക്കാന്‍ ദുഷ്പ്രചാരണങ്ങള്‍ക്ക് കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അണക്കെട്ട് ഉദ്ഘാടനത്തിനു ശേഷം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മിക്കുന്ന സാധു ബേടിലെത്തി പ്രധാനമന്ത്രി നിര്‍മാണ പുരോഗതി വിലയിരുത്തി.
1961 ഏപ്രില്‍ അഞ്ചിനായിരുന്നു ജവഹര്‍ലാല്‍ നെഹ്്‌റു അണക്കെട്ടിന് തറക്കല്ലിട്ടിരുന്നത്. നര്‍മദാ ജലതര്‍ക്ക ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരം 1979ല്‍ രൂപംകൊണ്ട നര്‍മദാവാലി വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് അണക്കെട്ട് നിര്‍മിച്ചത്.
ഏറെ വിവാദങ്ങളാണ് അണക്കെട്ട് സൃഷ്ടിച്ചത്. ഗുജറാത്തില്‍ നര്‍മദാ നദിയില്‍ നവഗാമിനു സമീപമാണ് അണക്കെട്ട്. നീളം 1.2 കി. മീറ്ററുണ്ട്. 30 ഷട്ടറുകളാണ് ഉള്ളത്. ഇതില്‍ ഓരോന്നിനും 450 ടണ്‍ ഭാരമുണ്ട്. ഷട്ടര്‍ പൂര്‍ണമായും തുറക്കാന്‍ ഒരു മണിക്കൂറോളം സമയമെടുക്കും. 1200, 250 മെഗാവാട്ട് വൈദ്യുതി ഉല്‍പാദന ശേഷിയുള്ള രണ്ട് വൈദ്യുതി നിലയങ്ങളാണ് അണക്കെട്ടിന്റെ ഭാഗമായുള്ളത്. ഇതിനകം 4,141 കോടി യൂനിറ്റ് വൈദ്യുതി ഇവിടെ നിന്ന് ഉല്‍പാദിപ്പിച്ചുകഴിഞ്ഞു. ഇതുവരെ 16,000 കോടിയിലേറെ വരുമാനം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. അണക്കെട്ട് നിര്‍മാണത്തിന് ചെലവായത് 8,000 കോടി രൂപയായിരുന്നെങ്കില്‍ ഇതിന്റെ ഇരട്ടി വരുമാനമാണ് ലഭിച്ചത്.
അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതിയും വെള്ളവും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പങ്കിടും. വൈദ്യുതിയില്‍ 57 ശതമാനം മഹാരാഷ്ട്രക്കും 27 ശതമാനം മധ്യപ്രദേശിനും 16 ശതമാനം ഗുജറാത്തിനുമായിരിക്കും. മധ്യപ്രദേശിലെ 18 ലക്ഷം ഹെക്ടര്‍ കൃഷി ഭൂമിയിലേക്ക് ഇവിടെ നിന്ന് വെള്ളം എത്തിക്കും.
ഗുജറാത്തിലെ 9,633 ഗ്രാമങ്ങളിലേക്കും 131 പട്ടണങ്ങളിലേക്കും കനാലിലൂടെ വെള്ളം എത്തിക്കും. മഹാരാഷ്ട്രയിലെ 37,500 ഹെക്ടറിലേക്കും രാജസ്ഥാനിലെ ബാര്‍മര്‍, ജലോര്‍ ജില്ലകളിലെ 2,46,000 ഹെക്ടറിലേക്കും ജലസേചനത്തിനുള്ള പദ്ധതിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."