നികത്തുഭൂമിയില്‍ വീടുവയ്ക്കാന്‍ അനുമതിക്ക് ഓര്‍ഡിനന്‍സ് പരിഗണനയില്‍: മന്ത്രി
കോട്ടയം: നിലം നികത്തിയെടുക്കുന്ന ഭൂമിയില്‍ വീടുവയ്ക്കുന്നതിനു മാത്രം അനുവദിക്കുന്ന വിധത്തില്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇത്തരം ഭൂമിയില്‍ വീടുവയ്ക്കാനാവാതെ സാധാരണക്കാര്‍ വലയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ മന്ത്രി വ്യക്തമാക്കി.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത വിവാദ ഉത്തരവുകള്‍ പിന്‍വലിക്കും. ഇതേക്കുറിച്ച് പഠിക്കുന്ന മന്ത്രിസഭാ ഉപസമിതി ഈ മാസം അവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ഇതിനു കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് റവന്യൂവകുപ്പ് 49 വിവാദ തീരുമാനങ്ങളാണ് കൈക്കൊണ്ടത്. ഇതാണ് ഉപസമിതി ഇപ്പോള്‍ പരിശോധിക്കുന്നത്. ഇവയ്ക്കു പുറമെ എന്തെങ്കിലുമുണ്ടെങ്കില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കും. ഭൂമി വിഷയത്തില്‍ ശാശ്വതപരിഹാരം സാധ്യമല്ല. ഭൂരഹിതകേരളം പദ്ധതി സാങ്കല്‍പ്പികമായി നല്ലതാണ്. പക്ഷേ യാഥാര്‍ഥ്യമാകാന്‍ പ്രയാസമാണ്. സര്‍ക്കാരുകള്‍ മാറുമ്പോള്‍ വിശ്വാസമുള്ള അഭിഭാഷകരെ പ്ലീഡര്‍മാരാക്കുന്നതു പതിവാണ്. സുശീലാഭട്ടിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. ഇതു രാഷ്ട്രീയ തീരുമാനമായിരുന്നു. മൂന്നാറിലെ സി.പി.ഐ ഓഫിസ് കൈയേറ്റ ഭൂമിയിലാണെന്ന സുരേഷ്‌കുമാറിന്റെ പ്രസ്താവനയ്ക്കു പാര്‍ട്ടി മറുപടി പറഞ്ഞിട്ടുള്ളതാണ്. ഇനി വിശദീകരിക്കേണ്ട കാര്യമില്ല. അദ്ദേഹം തെളിവുമായി വന്നാല്‍ അപ്പോള്‍ വിശദീകരിക്കാം.
ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനാഘോഷം പോലുള്ള പരിപാടികള്‍ സര്‍ക്കാരിനു കളങ്കമുണ്ടാക്കുമോയെന്ന ചോദ്യത്തിന് അപൂര്‍വങ്ങളില്‍ അപൂര്‍വമായവര്‍ മാത്രം ചെയ്യുന്ന ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. അറിയിക്കണമെന്നു തോന്നുന്ന തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തില്‍ അതില്‍ വിവാദം കാണേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."