ദുരിതങ്ങളുടെ നടുക്കയത്തില്‍ വീല്‍ചെയര്‍ ബാസ്‌ക്കറ്റ് ബോള്‍ താരം
ശ്രീകൃഷ്ണപുരം : ദുരിതങ്ങളുടെ നടുക്കയത്തിലാണ് അന്തര്‍ദേശീയ വീല്‍ചെയര്‍ ബാസ്‌ക്കറ്റ് ബോള്‍ താരം നിഷ.കരിമ്പുഴ പഞ്ചായത്തിലെ കുന്നക്കാട് താഴേക്കോട് വീട്ടില്‍ പരേതരായ ഗോപാലകൃഷ്ണന്റെയും സരോജിനിയുടെയും മകളാണ് നിഷ. ബാല്യത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടതോടെ അനാഥാവസ്ഥയിലായി. വിധി നിഷയെ തുടര്‍ച്ചയായി വേട്ടയാടുകയായിരുന്നു.പത്തൊമ്പതാമത്തെ വയസില്‍ ഒരു അപകടത്തില്‍പ്പെട്ടാണ് അരയ്ക്ക് താഴെ തളര്‍ന്നു പോയത്.സാമ്പത്തിക വിഷമം കാരണം എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കാനായില്ല. വീല്‍ചെയര്‍ ബാസ്‌ക്കറ്റ് ബോളിനെ കുറിച്ച് പറഞ്ഞു കേട്ട പരിചയം മാത്രമുള്ള നിഷക്ക് അതിയായ താല്‍പ്പര്യം തോന്നി.2005 ല്‍ കോതമംഗലം എം.എസ്.ജെ സി സ്റ്റേഴ്‌സ് നിഷയെ ഏറ്റെടുത്തു. നിഷയുടെ താല്‍പ്പര്യം മനസ്സിലാക്കിയ അവര്‍ തുടര്‍ന്നുള്ള പരിശീലനത്തിന് അവസരമൊരുക്കി. ചുരുങ്ങിയ വേതനത്തിലാണെങ്കിലും ശാന്തിഗിരി കോളജില്‍ ഓഫീസ് അസിസ്റ്റന്റായി ജോലിയും ലഭിച്ചു. സ്വന്തം നിലയില്‍ കംപ്യൂട്ടറും ഡി.ടി.പി.യും പഠിച്ചു.2014ല്‍ കോതമംഗലം എം.എ.കോളജില്‍ വെച്ച് നടന്ന ത്രിദിന വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ വര്‍ക്ക്‌ഷോപ്പാണ് നിഷയിലെ അന്തര്‍ദേശീയ കായിക താരത്തിന്റെ തുടക്കം.
ചെന്നൈയിലും ഡല്‍ഹിയിലും നടന്ന സംസ്ഥാന തല ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. തുടര്‍ന്ന് 2017ല്‍ തായ്‌ലന്‍ഡിലും ഇന്‍ഡോനേഷ്യയിലെ ബാലിയിലും നടന്ന അന്തര്‍ദേശീയ മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. ജീവിത പ്രയാസങ്ങളും മികച്ച പരിശീലനം ലഭിക്കാത്തതുമാണ് ഈ കായിക പ്രതിഭയെ തളര്‍ത്തിയത്. ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയാണ് ഇന്ന് ഈ കായിക താരത്തിന് സ്ഥിരവരുമാനമുള്ള ഒരു ജോലി. സ്വന്തമായൊരു വീട് എന്നിവയാണ് നിഷയുടെ വലിയ ആഗ്രഹങ്ങള്‍.
കായിക താരങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിഷയുടെ കാര്യത്തിലും കരുണ കാട്ടുമെന്ന പ്രതീക്ഷയിലുള്ളത്.ജന്മനാട്ടില്‍ സ്വന്തമായുള്ള സ്ഥലത്ത് ഒരു കൊച്ചു വീട് വെച്ച് ബന്ധുക്കളോടൊപ്പം താമസിക്കാന്‍ നിഷ ആഗ്രഹിക്കുന്നു. വീല്‍ചെയറിനെ ആശ്രയിക്കുന്ന നിഷക്ക് നാട്ടിലെത്തിപ്പൊടാന്‍ റോഡില്ലാത്തതിനെ തുടര്‍ന്ന് എത്തിപ്പെടാന്‍ പ്രയാസപ്പെടുന്നു. വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ രംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്ന എം.എസ്.ജെ, ഫാ.മാത്യു കിരിയാത്ത്, എ.കെ.ഡബ്ല്യു.ആര്‍.എഫ് പ്രവര്‍ത്തകനായ വാസുണ്ണി, ശാന്തിഗിരി കോളജിലെ അധ്യാപകര്‍ എന്നിവരോടെല്ലാം ഈ കായിക താരം നന്ദി രേഖപ്പെടുത്തുന്നു. പ്രാരാബ്ധങ്ങള്‍ക്കിടയിലും ടോക്കിയോവില്‍ നടക്കുന്ന അന്തര്‍ദേശീയ വീല്‍ചെയര്‍ ബാസ്‌ക്കറ്റ് സോള്‍ ടൂര്‍ണമെന്റിലേക്ക് രാജ്യത്തിന് വേണ്ടി കളിക്കാന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നിഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."