സഹായ വിതരണത്തിനിടെ തിക്കും തിരക്കും; മൂന്ന് റോഹിംഗ്യകള്‍ മരിച്ചു
ധാക്ക: ബംഗ്ലാദേശിലെ റോഹിംഗ്യാ ദുരിതാശ്വാസ ക്യാംപില്‍ സഹായ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അഭയാര്‍ഥിക്യാംപ് നിലനില്‍ക്കുന്ന കോക്സ്ബസാറിനടുത്ത് ബാലുഖാലി പാന്‍ ബസാറിലാണ് സന്നദ്ധസംഘം വസ്ത്രങ്ങളും മറ്റു സാധനസാമഗ്രികളും വിതരണം ചെയ്തത്. ഇതിനിടെയാണു ദാരുണ സംഭവമുണ്ടായത്. അനധികൃത സന്നദ്ധസംഘമാണ് ഇവിടെ വസ്ത്രങ്ങള്‍ വിതരണം ചെയ്തതെന്നാണു വിവരം.
അതിനിടെ, റോഹിംഗ്യകള്‍ക്ക് സഹായം നല്‍കാനെന്ന പേരില്‍ ഒരു സംഘം ബംഗ്ലാദേശ് പൗരന്മാര് അഭയാര്‍ഥികളെ ചൂഷണം ചെയ്യുന്നതായും വിവരമുണ്ട്. ഭക്ഷണത്തിനും ഭൂമിക്കും അഭയകേന്ദ്രങ്ങള്‍ക്കും അഭയാര്‍ഥികളില്‍നിന്ന് പണം ഈടാക്കുന്നതായാണ് അറിയുന്നത്. ഇത്തരത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്ത് 15 ദിവസത്തേക്ക് ജയിലിലടച്ചതായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘമായ ഇന്റര്‍ സെക്ടര്‍ കോഡിനേഷന്‍ ഗ്രൂപ്പ് അറിയിച്ചു.
ഇതുവരെയായി ബംഗ്ലാദേശിലെത്തിയ റോഹിംഗ്യകളുടെ എണ്ണം നാലു ലക്ഷം കടന്നിട്ടുണ്ട്. 4,12,000 ആണ് ഇന്നലത്തെ ഔദ്യോഗിക കണക്ക്. അഭയാര്‍ഥികള്‍ക്കായി കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്ന് നേരത്തെ ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനിടെ, മേഖലയില്‍ ശക്തമായ മഴ അഭയാര്‍ഥികളുടെ ജീവിതം ദുരിതമയമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."