ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്റെ ഏകാധിപത്യത്തിന് സെക്രട്ടറി കൂട്ട്
ഏറ്റുമാനൂര്‍: നഗരസഭാ ഭരണം ചെയര്‍മാനും സെക്രട്ടറിയും തന്നിഷ്ടം നടത്തുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ ടന്ന കൗണ്‍സില്‍ യോഗത്തില്‍ നിന്ന് അംഗങ്ങള്‍ ഒന്നടങ്കം ഇറങ്ങിപ്പോയി. ഗരസഭയില്‍ പല കാര്യങ്ങളും നടത്തുന്നത് കൗണ്‍സിലില്‍ തീരുമാനമെടുക്കാതെയും അംഗങ്ങളുമായോ സ്റ്റാന്റിംഗ് കമ്മറ്റികളുമായി ആലോചിക്കാതെയുമാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
കൗണ്‍സില്‍ യോഗതീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സെക്രട്ടറി ഗുരുതരമായ വീഴ്ച വരുത്തുന്നുവെന്നും ചെയര്‍മാന്റെ ഏകാധിപത്യപ്രവണതയ്ക്ക് സെക്രട്ടറി കൂട്ടു നില്‍ക്കുന്നുവെന്നും ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. കഴിഞ്ഞ വേനലില്‍ കുടിവെള്ളം വിതരണം ചെയ്ത വകയില്‍ നല്‍കാനുള്ള പണം ഇതുവരെ കൊടുത്തു തീര്‍ത്തില്ല.
പഴയ സെക്രട്ടറി വിജിലന്‍സിന്റെ പിടിയിലാകുകയും അസിസ്റ്റന്റ് സെക്രട്ടറി അറസ്റ്റ് ഭയന്ന് മുങ്ങുകയും ചെയ്ത സമയത്ത് ഓഫീസ് നിര്‍വ്വഹണം പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് സെക്രട്ടറിയുടെ ചുമതല നല്‍കുകയും ആദ്യഘട്ടങ്ങളിലെ കുടിവെള്ള വിതരണത്തിന്റെ തുക കൊടുത്തു തീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ സെക്രട്ടറി ചാര്‍ജെടുത്ത ശേഷം കുടിവെള്ളവിതരണത്തിന്റെ ബാക്കി തുക കൊടുക്കാനുള്ള നടപടികള്‍ മുടങ്ങി.
അസിസ്റ്റന്റ് എഞ്ചിനീയര്‍ തന്നെ ചെയ്യട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ചാര്‍ജ് കൈമാറിയതിനാല്‍ തനിക്ക് പറ്റില്ലെന്ന് എഞ്ചിനീയറും വ്യക്തമാക്കിയതോടെ അംഗങ്ങള്‍ കൂട്ടത്തോടെ സെക്രട്ടറിയ്‌ക്കെതിരെ തിരിയുകയായിരുന്നു. കഴിഞ്ഞയിടെ വ്യാപാരസ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അറിയാതെയായിരുന്നു എന്നതാണ് അടുത്ത വിഷയം. 51 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുക്കുന്നതിനു പകരം ഗുണമേന്മയുള്ളവയാണ് ഏറെയും പിടിച്ചെടുത്തതത്രേ.
ഇവയുടെ ഗുണമേന്മ പരിശോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുമില്ല. അനധികൃതമായി പിടിച്ചെടുത്ത ഗുണമേന്മയുള്ള പ്ലാസ്റ്റിക് കവറുകള്‍ വ്യാപാരികള്‍ക്ക് തിരികെ നല്‍കണമെന്ന നിര്‍ദ്ദേശം സെക്രട്ടറി ഇതുവരെ പാലിച്ചില്ലെന്ന് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി. മോഹന്‍ദാസ് പറഞ്ഞു. വ്യാപാരസ്ഥാപനങ്ങള്‍ക്കും മറ്റും ലൈസന്‍സ് കൊടുക്കുന്നത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ അംഗീകരാത്തോടെയാവണം എന്നത് നഗരസഭയില്‍ പാലിക്കപ്പെടുന്നില്ലത്രേ. കമ്മിറ്റി അറിയാതെ തന്നെ ചില ഹോട്ടലുകള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് സെക്രട്ടറി നല്‍കിയതായും ആരോപണമുയര്‍ന്നു. അടുത്തിടെ ഹോട്ടലില്‍ നിന്നുമുള്ള മലിനജലം ഒഴുക്കുന്നതിന് സൗകര്യമുണ്ടാക്കികൊണ്ട് സ്വകാര്യ ബസ് സ്റ്റാന്റിലൂടെ ഓട നിര്‍മ്മിച്ചത് വിവാദമായിരുന്നു.
ചെയര്‍മാനും സെക്രട്ടറിയും മാത്രമറിഞ്ഞ് നടത്തിയ ഈ നിര്‍മ്മാണ പ്രവര്‍ത്തനത്തിനെതിരെ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തു. തൊട്ടടുത്ത കൗണ്‍സിലില്‍ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഹോട്ടലില്‍ നിന്നുമുള്ള ഓട അടയ്ക്കാന്‍ സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല എന്നും അംഗങ്ങള്‍ ചൂണ്ടികാട്ടി. കൗണ്‍സില്‍ തീരുമാനങ്ങള്‍ അംഗീകരിക്കാനും നടപ്പിലാക്കാനും തയാറാകാത്ത സെക്രട്ടറിയ്‌ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് അംഗങ്ങള്‍. ഇതിനായി അടിയന്തിര കൗണ്‍സില്‍ ചേരും. 51 ശതമാനം ഭൂരിപക്ഷം ഉണ്ടെങ്കില്‍ സെക്രട്ടറിയുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കാമെന്നാണ് അംഗങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."