ബീഹാറില്‍ ബി. ജെ. പിക്കൊപ്പം ചേര്‍ന്നതോടെ അവഗണന: ട്രെയിന്‍ ഡീസല്‍ എന്‍ജിന്‍ ഫാക്ടറി നഷ്ടപ്പെടാതിരിക്കാന്‍ നിതീഷിന്റെ സമ്മര്‍ദ്ദം
പാട്‌ന: നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ വലിയ പദ്ധതികളിലൊന്നായ ട്രെയിന്‍ ഡീസല്‍ എന്‍ജിന്‍ ഫാക്ടറി ബിഹാറിന് നഷ്ടമാകുമെന്ന പേടിയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിര്‍ദ്ദിഷ്ട പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന് താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പദ്ധതി ഏത് വിധത്തിലെങ്കിലും ബിഹാറിന് ലഭ്യമാക്കാനാണ് എന്‍.ഡി.എയുടെ പുതിയ സഖ്യകക്ഷിയായ നിതീഷിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവിന്റെ തീരുമാനം. ബിഹാറിലെ ചാപ്രയില്‍ ട്രെയിന്‍ ഡീസല്‍ എന്‍ജിന്‍ ഫാക്ടറി നിര്‍മിക്കാന്‍ പദ്ധതിയിട്ട ശേഷം പിന്‍വലിയുന്ന നീക്കം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതോടെ റെയില്‍വെ മന്ത്രി പീയുഷ് ഗോയലുമായി ചര്‍ച്ച നടത്താനുള്ള തിരക്കിട്ട ശ്രമത്തിലാണ് ബിഹാര്‍ മുഖ്യമന്ത്രി.
എന്‍.ഡി.എയ്ക്ക് പിന്തുണ അറിയിക്കും വരെ നരേന്ദ്രമോദിയും ബി.ജെ.പിയും നല്‍കിയ മുന്‍തൂക്കം തുടര്‍ന്ന് കിട്ടാത്തതില്‍ നിതീഷിന് കടുത്ത അസംതൃപ്തിയുണ്ട്. ബി.ജെ.പി ബന്ധത്തോടെ പാര്‍ട്ടി പിളര്‍ന്നതും കേന്ദ്രത്തില്‍ നിന്ന് വേണ്ട രീതിയിലുള്ള പിന്തുണ ലഭിക്കാത്തതും ബന്ധം നഷ്ടക്കച്ചവടത്തിലേക്ക് നീങ്ങുമോയെന്നത് നിതീഷ് കുമാറിനെ അലട്ടുന്നുണ്ട്. പാര്‍ട്ടി പിളര്‍ത്തി ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നത് കാരണം ബിഹാറില്‍ വലിയ പ്രതിഷേധമാണ് നിതീഷിനെതിരായി ഉയരുന്നത്. ഈ സാഹചര്യത്തില്‍ നിര്‍ദ്ദിഷ്ട പദ്ധതി ഏത് രീതിയിലെങ്കിലും സംസ്ഥാനത്തിന് ലഭ്യമാക്കി ജനങ്ങള്‍ക്കിടയില്‍ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് നിതീഷ്.
3000 കോടിയുടെ പദ്ധതി 2018ല്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും റെയില്‍വേ വൈദ്യുതീകരണം മികച്ച നിലയില്‍ മുന്നോട്ട് പോകുന്നതിനാല്‍ ഡീസല്‍ എന്‍ജിനുകള്‍ വരും കാലത്തില്‍ അപ്രസക്തമാകുമെന്ന കണക്കുകൂട്ടലാണ് കേന്ദ്ര സര്‍ക്കാരിന്. ഡീസല്‍ എന്‍ജിന്‍ നിര്‍മാണത്തിന് കൂടുതല്‍ തുക മുടക്കുന്നത് ഈ സാഹചര്യത്തില്‍ നഷ്ടമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ലോകത്തിലെ മൂന്നാമത്തെ വലിയ റെയില്‍വേ ശൃംഖലയായ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഒറ്റയടിക്ക് സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് മാറാന്‍ കഴിയില്ലെന്നും കാലതാമസമെടുക്കുമെന്നുമാണ് നിതീഷ് അഭിപ്രായപ്പെടുന്നത്. 1.1 ലക്ഷം കിലോ മീറ്റര്‍ ട്രാക്കുകള്‍ വൈദ്യുതീകരിക്കുന്ന കാലത്തോളം ഇന്ധനക്ഷമത ഉറപ്പാക്കുന്ന ഡീസല്‍ എന്‍ജിനുകളാണ് അഭികാമ്യമെന്നാണ് നിതീഷ് കുമാറിന്റെ പക്ഷം.
വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ ഇന്ത്യക്ക് ഈ ഡീസല്‍ എന്‍ജിനുകള്‍ അയല്‍രാജ്യങ്ങള്‍ക്ക് വിറ്റും പണം തിരിച്ചുപിടിക്കാമെന്നും ബിഹാര്‍ മുഖ്യമന്ത്രി വാദിക്കുന്നു.
പദ്ധതി യാഥാര്‍ഥ്യമായാല്‍ ഏറ്റവും കുറഞ്ഞത് 1000 പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുമെന്നും നിതീഷ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."