ഡൊമിനിക്ക ദ്വീപിനെ തകര്‍ത്ത് മരിയ
സാന്‍ ജുവാന്‍: മരിയാ ചുഴലിക്കാറ്റില്‍ രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായതായി ഡൊമിനിക്കന്‍ ദ്വീപരാജ്യത്തിന്റെ പ്രധാനമന്ത്രി റൂസ്‌വെല്‍റ്റ് സ്‌കെരിറ്റ്. ജനങ്ങള്‍ സംഭരിച്ചുവച്ചിരുന്ന സ്വത്തുക്കളെല്ലാം കാറ്റില്‍ നശിച്ചതായും സ്‌കെരിറ്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
നേരത്തെ കാറ്റഗറി രണ്ടിലായിരുന്ന മരിയ ഇപ്പോള്‍ കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കരീബിയന്‍ ദ്വീപരാജ്യങ്ങളില്‍ വന്‍ വിപത്താണ് ചുഴലിക്കാറ്റ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഡൊമിനിക്കയുടെ അയല്‍ദ്വീപായ ഫ്രാന്‍സിനു കീഴിലുള്ള ഗ്വാഡ്‌ലോപില്‍ കാറ്റ് ആഞ്ഞുവീശിക്കൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും വ്യാപകമായി മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഇവിടങ്ങളില്‍ ആളപായമുണ്ടായതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
ഗ്വാഡ്‌ലോപ് അധികൃതര്‍ മുഴുവന്‍ പൗരന്മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാറ്റിന്റെ ശക്തി കുറഞ്ഞ മേഖലയിലും ജനങ്ങള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഈ മാസം ആദ്യത്തില്‍ കരീബിയന്‍ ദ്വീപുകളിലെത്തിയ ഇര്‍മ ചുഴലിക്കാറ്റും അതിനു ശേഷം വന്ന ഹോസെയും വന്‍ ദുരന്തം സൃഷ്ടിച്ചതിനു പിറകെയാണു വീണ്ടും മറ്റൊരു ദുരിതം കൂടി ദ്വീപുകളെ ലക്ഷ്യമിട്ട് എത്തിയിരിക്കുന്നത്. വന്‍ വിനാശകാരിയായ ഇര്‍മയുടെ അതേ ഗതിയില്‍ തന്നെയാണ് മരിയയുടെയും സഞ്ചാരം. മണിക്കൂറില്‍ 160 കി.മീറ്റര്‍ മുതല്‍ 260 കി.മീറ്റര്‍ ദൂരം വേഗതയില്‍ വരെ ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നതായി യു.എസ് ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റഗറി രണ്ടില്‍ ആരംഭിച്ച കാറ്റ് മൂന്ന്, നാല്, അഞ്ച് കാറ്റഗറികളില്‍ മാറിമാറി ആഞ്ഞുവീശുന്നതായാണു വിവരം.
തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഡൊമിനിക്കയിലെത്തിയ കാറ്റ് പ്രധാനമന്ത്രിയുടെ വസതിയില്‍ കേടുപാടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 73,000 ആണ് ഇവിടത്തെ ജനസംഖ്യ. ഇര്‍മ, ഹോസെ ചുഴലിക്കാറ്റുകളെ തുടര്‍ന്ന് ഇവര്‍ പലയിടങ്ങളിലേക്കും നേരത്തെതന്നെ മാറിയിട്ടുണ്ട്.
പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ കഴിഞ്ഞ ശനിയാഴ്ച രൂപംകൊണ്ട കാറ്റാണ് ഇന്നലെയോടെ കരീബിയന്‍ ദ്വീപുകളില്‍ വന്‍ ചുഴലിക്കാറ്റായി ആഞ്ഞുവീശിയത്. ലെസ്സര്‍ ആന്റില്ലേസ് ദ്വീപസമൂഹങ്ങളില്‍നിന്ന് 740 കി.മീറ്റര്‍ അകലെ അറ്റ്‌ലാന്റികിന്റെ ദക്ഷിണ-പൂര്‍വ മേഖലയിലാണ് മരിയ രൂപംകൊണ്ടത്. നേരത്തെ ഇര്‍മ നാശം വിതച്ച സെന്റ് മാര്‍ട്ടിന്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, പ്യൂര്‍ട്ടോ റിക്കോ, സെന്റ് ബാര്‍ട്ട്‌സ്, സബാ, ആംഗ്വില്ല എന്നിവിടങ്ങളില്‍ തന്നെയാണ് മരിയയുടെ കാര്യയമായ ഭീഷണി നിലനില്‍ക്കുന്നത്. സെന്റ്. കിറ്റ്‌സ്, നെവിസ്, മാര്‍ട്ടിനിക്വ തുടങ്ങിയ ദ്വീപുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരീബിയന്‍ ദ്വീപുകള്‍ കടന്ന് അമേരിക്കയുടെ തെക്കന്‍ തീരപ്രദേശമായ ഫ്‌ളോറിഡയിലും കാറ്റ് എത്തുമെന്ന് പ്രവചനമുണ്ട്. അമേരിക്കക്കു കീഴിലുള്ള വിര്‍ജിന്‍ ദ്വീപുകളില്‍നിന്ന് യു.എസ് സൈനികരെ ഒഴിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."