കിരീടത്തിന് ഇന്ന് വരവേല്‍പ്പ്
കൊച്ചി: കൗമാര വിശ്വ മഹോത്സവത്തിന്റെ ആരവം ഉയര്‍ത്തി ഫിഫ അണ്ടര്‍ 17 ലോകകപ്പ് കിരീടം ഇന്ന് മെട്രോ നഗരത്തിലേക്ക്. കേരളത്തിന്റെ കളിയരങ്ങായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ രാവിലെ 10.45 ന് ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള കപ്പ് എത്തും.
തനത് കേരളീയ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ട്രോഫിയെ വരവേല്‍ക്കുക. ത്രിദിന പര്യടനമാണ് കൊച്ചിയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. ലോകകപ്പിന്റെ ഔദ്യാഗിക ഗാനാവതരണവും നടക്കും. സംസ്ഥാന കായിക മന്ത്രി എ.സി മൊയ്തീന്‍ ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്യും. ഇന്ന് മുതല്‍ 24 വരെ മൂന്ന് ദിവസം ലോകകപ്പ് കിരീടം കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കും. അനാവരണ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് പ്രവേശനം. 11.30 മുതല്‍ 2.30 വരെ പൊതുജനങ്ങള്‍ക്ക് ട്രോഫി കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ഒന്നാം നമ്പര്‍ ഗേറ്റ് വഴിയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കിയിട്ടുള്ളത്. നാളെ അംബേദ്കര്‍ സ്റ്റേഡിയത്തിലും 24ന് ഫോര്‍ട്ട് കൊച്ചി വാസ്‌ക്കോഡഗാമ സ്‌ക്വയറിലും ട്രോഫി പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."