സ്‌കൂള്‍ കലണ്ടര്‍ മാറ്റത്തിനു വിദ്യാഭ്യാസ ജില്ലകളുടെ പൂര്‍ണ പിന്തുണ
മലപ്പുറം: മുസ്‌ലിം കലണ്ടര്‍ പിന്തുടരുന്ന സ്‌കൂളുകളെ പൊതു കലണ്ടറിലേക്കു കൊണ്ടുവരുന്നത് എല്ലാവരുമായി ചര്‍ച്ച നടത്തി സമവായത്തിലൂടെ മാത്രമായിരിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍. തിരൂര്‍, തിരൂരങ്ങാടി, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളിലെ മാപ്പിള കലണ്ടറിലുള്ള സ്‌കൂളുകളുടെ മാനേജര്‍മാര്‍, പി.ടി.എ പ്രസിഡന്റുമാര്‍, ഹെഡ്മാസ്റ്റര്‍, ജന പ്രതിനിധികള്‍ എന്നിവരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാപ്പിള കലണ്ടര്‍ പിന്തുടരുന്നതു മൂലമുളള വിവിധ പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ തന്നെ ഇത്തരം സ്‌കൂളുകള്‍ അടച്ചിടുന്ന അവസ്ഥയും കൊടും വേനലില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും യോഗം പങ്കുവെച്ചു. പൊതു വിദ്യാലയങ്ങളില്‍ 200 പ്രവൃത്തി ദിവസങ്ങള്‍ ഒരു അധ്യയന വര്‍ഷം ലഭിക്കുമ്പോള്‍ മാപ്പിളകലണ്ടറിലുളള സ്‌കൂളുകളില്‍ പ്രവൃത്തി ദിവസങ്ങള്‍ കുറയുന്നതും മറ്റു സ്‌കൂളുകളില്‍ ശനിയാഴ്ച അധികമായെടുത്തു പ്രവൃത്തി ദിനങ്ങള്‍ കൂട്ടുമ്പോള്‍ മുസ്‌ലിം കലണ്ടറിലുളള സ്‌കൂളുകള്‍ക്ക് അതിനു സാധ്യമാകാത്തതും ശനിയാഴ്ചകളില്‍ നടക്കുന്ന ക്ലസ്റ്റര്‍ മീറ്റിംഗുകളില്‍ ഈ സ്‌കൂളുകളിലുള്ള അധ്യാപകര്‍ക്കു പങ്കെടുക്കാന്‍ കഴിയാത്തതും യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന പല പരീക്ഷകളും മുസ്‌ലിം കലണ്ടറിലുളള സ്‌കൂളുകളില്‍ പാഠഭാഗം പൂര്‍ത്തീകരിക്കുന്നതിനു മുമ്പു നടത്താന്‍ ഇട വരുത്തുന്നതിലുളള ഉത്കണ്ഠയും യോഗം പങ്കു വെച്ചു.
ജില്ലയിലെ എല്ലാ സ്‌കൂളുകളും ഏകീകൃത കലണ്ടറിലാക്കുന്നതിനുളള ജില്ലാ പഞ്ചായത്തിന്റെ ശ്രമങ്ങള്‍ക്കു യോഗം പിന്തുണ അറിയിച്ചു. ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കായി ബോധവത്കരണ ക്യാമ്പയിന്‍ നടത്താനും മത സംഘടനാ നേതാക്കളുടെ യോഗം വിളിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തു സ്ഥിരസമിതി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, ഹാജറുമ്മ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, വെട്ടം ആലിക്കോയ, ജില്ലാ പഞ്ചായത്ത് സെക്രട്ടകറി എ. അബ്ദുല്‍ലത്തീഫ്, വിജയഭേരി കോ-ഓര്‍ഡിനേറ്റര്‍ ടി. സലീം വിവിധ സ്‌കൂളുകളുടെ പ്രതിനിധികള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."