ഇനി അവര്‍ അനാഥകളല്ല; വിമലഹൃദയയിലെ ആറ് പെണ്‍കുട്ടികള്‍ക്ക് ഇന്നു മാംഗല്യം
തുവ്വൂര്‍: തുവ്വൂരിലെ വിമലഹൃദയാശ്രമത്തിലെ ആറു പെണ്‍കുട്ടികള്‍ ഇന്നു വിവാഹപ്പന്തലിലേക്ക്. തൂവ്വൂരിന്റെ ആകാശപ്പറവകള്‍ എന്നറിയപ്പെടുന്ന ആശ്രമത്തിലെ 317 അന്തേവാസികളിലെ ആറുപെണ്‍കുട്ടികളാണ് ഇന്നു വിവാഹിതരാകുന്നത്. ആശ്രമത്തിലെ രണ്ടാം സമൂഹ വിവാഹമാണിത്.
നഴ്‌സിങ് ജോലി ചെയ്യുന്ന ജിഷ, ഫാഷന്‍ ഡിസൈനര്‍ സിനി, ഇവര്‍ക്കു പുറമെ ഇരട്ടകളായ വിനീത,വിനിഷയും ഗീത,സുവര്‍ണ്ണ എന്നിവരാണു വിമല ഹൃദയാശ്രമത്തില്‍ ഇന്നു വിവാഹിതരാകുന്നത്.
ചെറുപ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ കുട്ടികളാണ് ഇവിടെ അന്തേവാസികളായി കഴിയുന്നവരില്‍ അധികവും. നാനാ ജാതി, മതവിഭാഗത്തിലുള്ളവര്‍ അവരവരുടെ വിശ്വാസാനുഷ്ഠാനങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നിടമാണ് ഇവിടം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇവിടെയുണ്ട്.
പത്തുപവന്‍ സ്വര്‍ണാഭരണങ്ങളുമായി നാട്ടുകാര്‍ യാത്രയാക്കാനിരിക്കുകയാണ് ഇവരെ. നാട്ടുകാരുടെ വിവാഹസമ്മാനങ്ങളുമുണ്ട് ഒപ്പം. ഇതിനു മുമ്പ് ഏഴുപേരെ വിവാഹം ചെയ്തയച്ചിട്ടുണ്ട്. ഇവര്‍ക്കും പത്തു പവന്‍ ആഭരണങ്ങള്‍ നല്‍കിയിരുന്നു. നാട്ടുകാരുടെയും ഉദാരമതികളുടേയും സഹായത്തോടെയാണു വിവാഹം നടത്തുന്നതെന്നു ആശ്രമത്തിലെ ആനി സിസ്റ്റര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."