റോഹിംഗ്യ: മനുഷ്യത്വപരമായ സമീപനം വേണമെന്ന് സുധാകര്‍ റെഡ്ഡി
തിരുവനന്തപുരം: റോഹിംഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ രാജ്യം മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. മ്യാന്‍മറില്‍നിന്ന് ഇന്ത്യയില്‍ കുടിയേറി വര്‍ഷങ്ങളായി താമസിക്കുന്നവരില്‍ വിരലിലെണ്ണാവുന്നവര്‍ തീവ്രവാദികളായിരിക്കാം. അതിന്റെ പേരില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള അഭയാര്‍ഥികളായ മുഴുവന്‍ പേരെയും തീവ്രവാദികളെന്ന് മുദ്രകുത്തുന്നതിനോട് സി.പി.ഐക്ക് യോജിപ്പില്ല. ഇക്കാര്യത്തില്‍ സുപ്രിംകോടതി ഇടപെട്ടതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധാകര്‍ റെഡ്ഡി.
സംഘ്പരിവാറിന്റെ പിന്‍ബലത്തോടെ ബി.ജെ.പി പിന്‍തുടരുന്ന ഫാസിസ്റ്റ് ജനവിരുദ്ധ നയങ്ങളെ എതിര്‍ത്ത് ഇല്ലാതാക്കാന്‍ വിശാല-മതേതര ഇടത് ഐക്യനിര ഉയര്‍ന്നു വരണം. ഇത്തരമൊരു സഖ്യം വളര്‍ത്തിയെടുക്കുന്നതില്‍ സി.പി.ഐയും സി.പി.എമ്മും തമ്മില്‍ അഭിപ്രായ ഭിന്നതകളില്ല.
കേന്ദ്രസര്‍ക്കാരിനെതിരേ ദേശവ്യാപകമായ കാംപയിനിന് സി.പി.ഐ രൂപം നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഒക്‌ടോബര്‍ 15 വരെ ഈ കാംപയിന്‍ നീണ്ടു നില്‍ക്കും.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും ബി.ജെ.പിയോട് മൃദുസമീപനമാണ് അവര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."