പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനലിനെതിരായ അപ്പീല്‍ തള്ളി
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി) പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനലിന് പാരിസ്ഥിതിക അനുമതി നീട്ടിക്കൊടുത്ത കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ എല്‍.പി.ജി സംഭരണി വിരുദ്ധ ജനകീയ സമരസമിതി നല്‍കിയ അപ്പീല്‍ ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി.
പാരിസ്ഥിതിക അനുമതിക്കെതിരേ അപ്പീല്‍ നല്‍കുന്നതിന് അനുവദിക്കപ്പെട്ട സമയപരിധിക്കകം ഇതു സമര്‍പ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. എല്‍.പി.ജി സംഭരണി വിരുദ്ധ ജനകീയ സമരസമിതി കണ്‍വീനര്‍ ടി.ആര്‍ മുരളി, നിര്‍വാഹക സമിതിയംഗം കെ.യു രാധാകൃഷ്ണന്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയാണ് ട്രൈബ്യൂണല്‍ തള്ളിയത്.
പാരിസ്ഥിതിക അനുമതി നല്‍കി 30 ദിവസത്തിനകം അപ്പീല്‍ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഈ കേസില്‍ 91 ദിവസത്തിനു ശേഷമാണ് അപ്പീല്‍ സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലിന്റെ നടപടി. അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകിയതിന്റെ കാരണവും അപ്പീല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നില്ല.
ഇക്കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നീട്ടിനല്‍കിയത്. ഇത്തരത്തില്‍ പാരിസ്ഥിതിക അനുമതി നീട്ടി നല്‍കിയ വിവരം തങ്ങള്‍ അറിയാതെ പോയതാണ് അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകിയതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഉത്തരവ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് പറഞ്ഞ് ട്രൈബ്യൂണല്‍ ഈ വാദം തള്ളി. പാരിസ്ഥിതിക അനുമതി നല്‍കിയപ്പോള്‍ വച്ചിട്ടുള്ള വ്യവസ്ഥകള്‍ക്ക് അനുസരിച്ചല്ല പുതുവൈപ്പിനില്‍ നിര്‍മാണം നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹരജിയും ട്രൈബ്യൂണലിന്റെ പരിഗണനയിലുണ്ട്. ഇതിന്റെ അന്തിമവാദം അടുത്തമാസം പത്തിന് നടക്കും.
ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിനെതിരേ അപ്പീല്‍ സമര്‍പ്പിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."